ലാഹോര്‍: ഭഗത്‌സിങിനെ കൊലപ്പെടുത്തിയതില്‍ ബ്രിട്ടീഷ് രാജ്ഞി പൊതു ജന മധ്യത്തില്‍ മാപ്പ് പറയണമെന്ന് പാക്കിസ്ഥാനില്‍ നടന്ന അനുസ്മരണയോഗം ആവശ്യപ്പെട്ടു. സ്വാതന്ത്യസമര സേനാനികളായ ഭഗത് സിംങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ കൊലപ്പെടുത്തിയ ബ്രിട്ടന്റെ നടപടിയില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്നാണ് പാക്കിസ്താനിലെ പൗരാവകാശ പ്രവര്‍ത്തകരും അക്കാദമിക സമൂഹവും അടങ്ങിയ സമിതി രക്തസാക്ഷിത്വ ദിനത്തില്‍ ആവശ്യപ്പെട്ടത്.
ഭഗത്‌സിങിന്റെയും സഹ പോരാളികളുടെയും 86ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ലാഹോറില്‍ നടത്തിയ ചടങ്ങിലാണ് ബ്രിട്ടീഷ് രാജ്ഞി പൊതു ജന മധ്യത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം പൊതു സമൂഹം മുന്നോട്ട് വെച്ചത്.
ഭഗത് സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ലാഹോറിലെ ഫവാര ചൗക്കില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ബ്രിട്ടീഷ് രാജ്ഞി ഷദ്മാന്‍ ചൗക്ക് സന്ദര്‍ശിക്കുകയും മൂന്ന് പേരെയും തൂക്കിലേറ്റിയതിന് ഇവിടെ വച്ച് മാപ്പ് പറയണമെന്നുമാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്.
ഭഗത് സിംങിന്റെ കുടുംബാംഗങ്ങള്‍ ടെലിഫോണിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയിലെയും പാക്കിസ്താനിലെയും മുഴുവന്‍ സ്വാതന്ത്യ സമര സേനാനികളുടെ കുടൂംബങ്ങളോടും മാപ്പ് പറയണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
രക്തസാക്ഷികളുടെ സ്മരണയില്‍ മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്. കനത്ത സുരക്ഷ വിന്യാസത്തിനിടയായിരുന്നു ലോഹോറില്‍ പരിപാടി നടന്നത്.