| Saturday, 11th November 2023, 9:33 am

70 ദശലക്ഷം വിലയുള്ള സോവമത്സ്യത്തെ പിടിച്ചു; കോടീശ്വരനായി പാക് പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാകിസ്ഥാനിലെ മത്സ്യബന്ധനതൊഴിലാളി ഒരു ദിവസം കൊണ്ട് കോടീശ്വരനായി. കറാച്ചി സ്വദേശിയായ ഹാജി ബലോചിന്റെ വലയില്‍ കുരുങ്ങിയ അപൂര്‍വ്വയിനം മത്സ്യങ്ങള്‍ ആണ് ഇതിന് കാരണമായത്.

ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തില്‍ താമസിക്കുന്ന ഹാജി ബലോചും മറ്റ് തൊഴിലാളികളും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് അറബിക്കടലില്‍ നിന്ന് സോവാ ( ഗോള്‍ഡന്‍ ഫിഷ്)മത്സ്യത്തെ പിടികൂടിയത്. മല്‍സ്യം വിറ്റയച്ച പണം മത്സ്യബന്ധനത്തിന് പോയ എട്ടു പേരും വീതിച്ചെടുക്കുമെന്ന് ബലോച് വ്യക്തമാക്കി.

‘ഞങ്ങള്‍ കറാച്ചിയിലെ കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. അപ്പോള്‍ ഒരു വലിയ സ്വര്‍ണ മത്സ്യശേഖരം കണ്ടു. ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. ഏഴ് പേരടങ്ങുന്ന എന്റെ ജോലിക്കാരുമായി ഞാന്‍ മല്‍സ്യം വിറ്റയച്ച പണം പങ്കിടും,’ ബലോച് പറഞ്ഞു.
70 ദശലക്ഷം രൂപക്കാണ് മത്സ്യത്തെ ലേലത്തില്‍ അദ്ദേഹം വിറ്റയച്ചത്. ഒരു മത്സ്യത്തിന് ഏകദേശം ഏഴു ദശലക്ഷം രൂപയാണ് കണക്കാക്കിയത്.

‘വെള്ളിയാഴ്ച രാവിലെ കറാച്ചി തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യങ്ങള്‍ ലേലം ചെയ്തു. അവര്‍ മുഴുവന്‍ മത്സ്യവും 70 ദശലക്ഷം രൂപയ്ക്ക് വിറ്റു,’പാക്കിസ്ഥാന്‍ ഫിഷര്‍മാന്‍ ഫോക്ക് ഫോറത്തിലെ മുബാറക്ക് ഖാന്‍ പറഞ്ഞു.

സോവ മത്സ്യത്തിന് അപൂര്‍വ്വ ഔഷധഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മത്സ്യത്തില്‍ നിന്നുള്ള ഒരു നൂല്‍ പോലെയുള്ള പദാര്‍ത്ഥം ശസ്ത്രക്രിയക്കും ഉപയോഗിക്കാറുണ്ട്.
പലപ്പോഴും 20 മുതല്‍ 40 കിലോ വരെ ഭാരവും 1.5 മീറ്റര്‍ വരെ വളരാന്‍ കഴിയുന്നതുമായ മത്സ്യത്തിന് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്.

ഏറ്റവും പ്രധാനമായി സോവക്ക് സാംസ്‌കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട്. പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകരീതികളിലും അതിന്റെ ഉപയോഗം കൂടുതലാണ്. പ്രജനനകാലത്ത് മാത്രമാണ് മത്സ്യം തീരത്ത് എത്തുന്നത്.

Content Highlight: PAK citizen becomes billionaire by selling sova fish

We use cookies to give you the best possible experience. Learn more