പോര്‍ബന്ദര്‍: ഗുജറാത്ത് തീരത്ത് പോര്‍ബന്ദറിന് സമീപത്തായി പാകിസ്ഥാന്‍ ബോട്ടില്‍ നിന്നും 140 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ബോട്ട് പിടി കൂടിയിരിക്കുന്നത്. ബോട്ടില്‍ നിന്നും എട്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായാണ് ഉറവിടങ്ങള്‍ നല്‍കുന്ന സൂചന. ഇവരില്‍ നിന്നും സാറ്റ്‌ലൈറ്റ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ബോട്ട്. രണ്ട് നാവികസേന കപ്പലുകള്‍, കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍, സൈനിക വിമാനം എന്നിവ ചേര്‍ന്നാണ് ബോട്ടിനെ പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികളുടെ വില വരുന്ന ഹെറോയിനാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്.
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ തീരത്ത് മറ്റൊരു പാക് ബോട്ട് പൊട്ടിത്തെറിച്ചിരുന്നു. ബോട്ട് തകര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്.