കറാച്ചി: പാക് താരം അഹമ്മദ് ഷെഹ്‌സാദിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയയുടെ ട്രോളാക്രമണം. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആരാധകരുമായി നേരിട്ട് സംവദിക്കുവാനായി ചോദ്യോത്തര ശൈലിയില്‍ ഇന്ററാക്ഷന്‍ നടത്തിയതാണ് താരത്തിന് വിനയായത്.
“ആസ്‌ക് അഹമ്മദ്” എന്ന ഹാഷ് ടാഗോടു കൂടി ഷെഹ്‌സാദ് തന്നെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍ ചോദിച്ചതും മറുപടി നല്‍കിയതും. നിമിഷങ്ങള്‍ക്കുള്ളില്‍ താരവുമായി സംവദിക്കാനായി അനവധി പേരായിരുന്നു രംഗത്തെത്തിയത്.
എന്നാല്‍ പിന്നീട് സംഭവിതെന്താണെന്ന് ഷെഹ്‌സാദിന് പോലും ഓര്‍മ്മയുണ്ടാകില്ല. ഒരു കാലത്ത് പാകിസ്താന്റെ ഭാവി ഷെഹ്‌സാദിന്റെ ചിറകില്‍ ഉയരെ പറക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകം കരുതിയിരുന്നത.് എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താരം ദേശീയ ടീമിന്റെ പടിക്കു പുറത്താണ്.
താരവുമായി നേരിട്ട് സംവദിക്കാനെത്തിയ പലരും ഷെഹ്‌സാദിന്റെ മോശം ഫോമിനെ കളിയാക്കുകയായിരുന്നു ചെയ്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള താരതമ്യപ്പെടുത്തലുകളേയും ചില ട്രോളന്മാര്‍ വിമര്‍ശിച്ചു. ” നിങ്ങളെന്നാണ് കോഹ് ലിയെ കോപ്പിയടിക്കുന്നത് നിര്‍ത്തുക.” എന്നായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യം.
മാസങ്ങള്‍ക്ക് മുമ്പ് സ്വയം കോഹ്‌ലിയേക്കാള്‍ മികച്ച താരമാണ് താനെന്ന് ഷെഹ്‌സാദ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതും ചേര്‍ത്തു വെച്ചായിരുന്നു സോഷ്യല്‍ മീഡിയ താരത്തെ ആക്രമിച്ചത്.
പാകിസ്താന്റെ ഓപ്പണറായിരുന്ന ഷെഹ്‌സാദിന്റെ ബാറ്റിംഗ് ശൈലിയെ വിരാട് കോഹ്‌ലിയുടേതിനോട് ഒരു കാലത്ത് ഉപമിച്ചിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ഫോം നിലനിര്‍ത്താന്‍ കഴിയാതെ പോയതോടെ ഷെഹ്‌സാദ് ക്രിക്കറ്റിന്റെ വിദൂരതയിലേക്ക് മറയുകയായിരുന്നു.