ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യു.എസ് – ഇസ്രഈല്‍ ബ്രാന്‍ഡുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ക്യാമ്പയിനുകളുമായി സോഷ്യല്‍ മീഡിയ. ക്യാമ്പയിനുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാനിലെ ഇസ്രഈല്‍ അനുകൂല കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്‍പനയില്‍ റെക്കോര്‍ഡ് ഇടിവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഗസയില്‍ ഇസ്രഈല്‍ സൈനിക ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രഈല്‍-അമേരിക്കന്‍ കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമെതിരെ പാകിസ്ഥാനില്‍ പൊതു വികാരം ശക്തമാകുന്നതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര ബ്രാന്‍ഡുകളായ മക്‌ഡോണല്‍സ്, കെ.എഫ്.സി, പിസാ ഹട്ട്, കോക്ക്, പെപ്‌സി എന്നിവയുടെ ബഹിഷ്‌കരിക്കണം ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.
‘ഫലസ്തീനികള്‍ക്കായുള്ള ഞങ്ങളുടെ പിന്തുണ തെളിയിക്കാന്‍ ഇസ്രഈലിനെ നേരിട്ടോ അല്ലാതെയോ പിന്തുണക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താം. ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വിസമ്മതിക്കുന്നതിലൂടെ ഫലസ്തീനികളോട് നമുക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സാധിക്കും.
ഈ മാനുഷിക പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് ഒന്നിക്കാം ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ക്ക് സംഭാവന നല്‍കുന്ന കമ്പനികളെ ബഹിഷ്‌കരിച്ചുകൊണ്ട് ശക്തമായ സന്ദേശം നല്‍കാം. ലോകമെമ്പാടുമുള്ള ആളുകളോട് മതപരമോ ദേശീയപരമോ ആയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരാനും ഇസ്രഈല്‍ – അമേരിക്കന്‍ അനുകൂല കമ്പനികളെ ബഹിഷ്‌കരിച്ച് മനുഷ്യത്വത്തിന്റെ പേരില്‍ ഒരുമിച്ച് നില്‍ക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’
ഒരു പാക് കടക്കാരന്‍ പ്രസ്സ് ടി.വിയോട് പറഞ്ഞു.
‘ബഹിഷ്‌കരണ പ്രചാരണം ആരംഭിച്ചത് മുതല്‍ യു.എസിന്റെയും ഇസ്രഈലിന്റെയും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതായി ഞങ്ങള്‍ ശ്രദ്ധിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ്മായോ ഇസ്രഈലുമായോ ബന്ധപ്പെട്ടിരിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ കൂടുതലായി ഒഴിവാക്കുന്നുണ്ട്.
ഇത് ഞങ്ങളുടെ ബിസിനസിനെ ബാധിക്കുന്നുണ്ട്. ബഹിഷ്‌കരണം ഞങ്ങളെ വല്ലാതെ ബാധിച്ചു. ആളുകള്‍ ഇപ്പോള്‍ അവരുടെ ഉല്‍പ്പനങ്ങള്‍ വാങ്ങുന്നില്ല. അവര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് ഇഷ്ടപ്പെടുന്നത്,’ ഇസ്ലാമാബാദ് ട്രേഡേഴ്‌സ് യൂണിയന്‍ അംഗം ജാഫര്‍ അലി ഷാ പറഞ്ഞു.
ഗസ മുനമ്പിലെ പൗരന്മാരെ ലക്ഷ്യമാക്കിയുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ നടപടി വിവേചനരഹിതവും എല്ലാ മര്യാദകള്‍ക്കും വിരുദ്ധവും അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും ടെഹ്‌റാനിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് മുദസീര്‍ ടിപു പറഞ്ഞു.
Content Highlight: PAK bans Israeli products