ഇസ്‌ലാമാബാദ്: താലിബാന്‍ ശക്തികേന്ദ്രമായ ഖൈബര്‍ ഗോത്രമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 87ഓളം വരുന്ന തീവ്രവാദികളെ വക വരുത്തിയകതായി പാക് സൈന്യം. ഏറ്റുമുട്ടലിനിടെ ഏഴോളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിര താഴ്‌വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. കര സേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. ശനിയാഴ്ച മുതലാണ് മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെ സൈന്യം പോരാട്ടം തുടങ്ങിയത്. ഇവിടെ നിന്ന് തീവ്രവാദികളെ പൂര്‍ണമായും തുരത്തുന്നത് വരെ ഓപറേഷന്‍ തുടരുമെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അസീം സലീം ബജ്‌വ പറഞ്ഞു.
ഈയിടെ താലിബാനില്‍ ലയിച്ച ലഷ്‌കര്‍-ഇ- ഇസ്‌ലാം എന്ന സംഘടനയുടെ ശക്തി കേന്ദ്രമാണ് തിര താഴ്‌വര. ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു സംഘടന താലിബാനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
ഇതിനകം ഖൈബര്‍ മേഖലയില്‍ ഏറ്റുമുട്ടലുകളായി തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്ന 419 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 17 സൈനികരും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് പാക് സൈന്യം തെഹ്‌രീകെ താലിബാനെതിരെ സൈനിക നീക്കം ആരംഭിച്ചത്. ഇതിനകം 1883 തീവ്രവാദികളും 120 സൈനികരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്.