ഗ്യാലറി/സുരേഷ് ബുദ്ധ
അതികാവ്യാത്മകതയിലൂടെ പ്രകൃതിയുടെ സംഗീതത്തിന് അമൂര്‍ത്തഭാവം നല്‍കുകയാണ് സുരേഷ് ബുദ്ധയുടെ ചിത്രങ്ങള്‍ . പൊഴിയുന്ന ഇലകളിലൂടെ ആകാശത്തിന്റെ നീലിമ ചാലിച്ചാണ് ബുദ്ധ തന്റെ ആശയങ്ങള്‍ക്കും ആശകള്‍ക്കും ജീവന്‍ നല്‍കുന്നത് . ഒളവണ്ണ പന്തീരങ്കാവ് സ്വദേശിയായ ഈ ചിത്രകാരന്റെ പെയിന്റിംങ്ങുകളില്‍ പലതും ഇന്ത്യ കടന്നിരിക്കുന്നു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കായി ആസ്വാദകരെത്തുന്നുണ്ട്.
പൊഴിഞ്ഞു വീഴുന്ന ഇലകളെ പ്രതീകവത്കരിക്കുന്നതിലൂടെ ജീവിതത്തെ വളരെ നിസാരമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. തികഞ്ഞ പ്രകൃതി സ്‌നേഹിയായ ഈ യുവാവ് ഭൂമി ഗീതം എന്ന സീരിസില്‍ ഇന്ത്യ മുഴുവന്‍ തെരുവോര പ്രദര്‍ശനം നടത്തി വരുന്നു. കേരളം മുഴുവനും പൂനെ, ഗോവ എന്നിവിടങ്ങളില്‍ പെയിന്റിങ്ങ് പ്രദര്‍ശനം പൂര്‍ത്തിയായിട്ടുണ്ട്.
ബുദ്ധ-സെന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന സുരേഷ് ബുദ്ധ തന്റെ ഭാവനാത്മക ചിത്രങ്ങളിലൂടെ ശ്രീബുദ്ധന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 1998 ല്‍ വിശാഖ പട്ടണം കലാപരിഷത്ത് ഓണറബിള്‍ മെന്‍ഷന്‍ നല്കി ആദരിച്ചു. മൂന്ന് വര്‍ഷം പോണ്ടിച്ചേരിയിലെ ചോളമണ്ഡലം ആര്‍ട്ട് ഗ്യാലറിയില്‍ ജോലിചെയ്തിട്ടുണ്ട് . 2004, 2005 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ ഗ്രൂപ്പ് എക്‌സിബിഷനിലും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടന്ന പെയിന്റിങ്ങ് പ്രദര്‍ശനത്തിലും സുരേഷിന്റെ പെയിന്റിങ്ങുകള്‍ ഇടം നേടി.