ദ്വീപുകളുടെ വര്‍ണക്കാഴ്ചകള്‍ക്ക് തിരികൊളുത്തി ഛായാഗ്രാഹകന്‍ അഴഗപ്പന്‍; എസ്.എന്‍. ശ്രീപ്രകാശിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു
Kerala News
ദ്വീപുകളുടെ വര്‍ണക്കാഴ്ചകള്‍ക്ക് തിരികൊളുത്തി ഛായാഗ്രാഹകന്‍ അഴഗപ്പന്‍; എസ്.എന്‍. ശ്രീപ്രകാശിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th July 2023, 4:16 pm

ഓരോ പ്രദേശത്തെയും നിറങ്ങളെയും പ്രകാശ സംവിധാനങ്ങളും താന്‍ മനസിലാക്കുന്നത് അവിടുത്തെ ചിത്രകാരന്മാരുടെ രചനകളിലൂടെയാണെന്ന് പ്രശസ്ത ക്യാമറാമാന്‍ എന്‍ അഴഗപ്പന്‍. മ്യൂസിയം ഓഡിറ്റോറിയത്തിലെ കെ.സി.എസ്. പണിക്കര്‍ ഗ്യാലറിയില്‍ പ്രശസ്ത ചിത്രകാരന്‍ എസ്.എന്‍. ശ്രീപ്രകാശിന്റെ ‘മി ആന്‍ഡ് മൈ പാലറ്റ്’ എന്ന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍ഡമാനില്‍ പോയിട്ടില്ലാത്ത തനിക്ക് ശ്രീപ്രകാശിന്റെ ചിത്രങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ദൃശ്യഭംഗിയിലേക്കും സംസ്‌കാരത്തിലേക്കുമുള്ള കിളിവാതിലായെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ഷൂട്ടിങ്ങിനായി പോകുമ്പോള്‍ അവിടുത്തെ ചിത്രകാരന്മാരുടെ ആര്‍ട്ട് ഗ്യാലറികള്‍ താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും ചിത്രീകരണത്തില്‍ അത് തനിക്ക് സഹായകമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ നിക്കോബാര്‍ ദ്വീപിലെ സുനാമി ദുരന്തബാധ നേരിട്ട് കണ്ട് ശ്രീപ്രകാശിന്റെ ഉള്ളിലുണ്ടായ വേദനയെ അദ്ദേഹം ആദ്യം ചിത്രങ്ങളായും പിന്നീട് നോവലായി വാക്കുകളിലൂടെയും ആവിഷ്‌കരിച്ച കാര്യം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന മുന്‍ എസ്.എന്‍. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ദേവകുമാര്‍ എടുത്തുപറഞ്ഞു.

സുനാമിക്ക് മുമ്പും ശേഷവും ഉള്ള കാലയളവിലെ കാര്‍ നിക്കോബാര്‍ ദ്വീപിലെ ഒരു ഗോത്രജന വിഭാഗത്തിന്റെ ജീവിതം അധികരിച്ച് എസ്.എന്‍. ശ്രീപ്രകാശ് രചിച്ച ‘കാന്‍ഡില്‍സ് ഓണ്‍ വേവ്‌സ്’ എന്ന ഇംഗ്ലീഷ് നോവലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യൂറോപ്പില്‍ നവോത്ഥാനത്തിനുള്ള ഊര്‍ജം പകര്‍ന്നത് ഇറ്റാലിയന്‍ ചിത്രകാരന്മാരായ മൈക്കല്‍ ആഞ്ചലോയും മറ്റുമാണെന്നും അതിനാല്‍ ചിത്രകലയെ നാം ഗൗരവതരമായി സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീപ്രകാശിനോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഒരു അവധൂതനാണെന്ന് തോന്നാറുണ്ടെന്നും ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ ഒരു യോഗിയുടെ നിലവാരത്തിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായുള്ള ദീര്‍ഘകാല സൗഹൃദം സ്മരിച്ചുകൊണ്ട്, ചടങ്ങില്‍ വിശിഷ്ടാതിഥിയായ കിളിമാനൂര്‍ കൊട്ടാരത്തിലെ ബി.ജെ രാമവര്‍മ പറഞ്ഞു.

രാജാ രവിവര്‍മയുടെ 175ാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിനുള്ള ഒരു സമര്‍പ്പണം കൂടിയാണ് ഈ ചിത്രപ്രദര്‍ശനമെന്ന് പറഞ്ഞ അദ്ദേഹം കിളിമാനൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ശ്രീപ്രകാശിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും ആവിഷ്‌കാരമാണ് ചിത്രകാരന്മാര്‍ ചെയ്യുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചിത്രകാരന്‍ ബിനുക്കുട്ടന്‍ കീഴില്ലവും ചടങ്ങില്‍ വിശിഷ്ടാഥിതിയായിരുന്നു. ചിത്രകാരനായ സുരേഷ് കൊളാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാനിരൂപകന്‍ രാജന്‍ ചിങ്ങമന സ്വാഗതം പറഞ്ഞു.

എസ്.എന്‍. ശ്രീപ്രകാശ് കേരളത്തില്‍ നടത്തുന്ന മൂന്നാമത്തെ ചിത്രപ്രദര്‍ശനമാണിത്. 1997ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രവും മനോഹാരിതയും, അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളും പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ഗോള്‍ഡന്‍ സാന്‍ഡ്’ എന്ന പേരില്‍ എറണാകുളത്തെ ലളിതകലാ അക്കാദമിയില്‍ നടത്തിയിരുന്നു.

ദ്വീപുകളിലെ ‘ബിയോണ്ട് സിനോണിംസ് കോണ്‍വര്‍സേഷന്‍ ത്രൂ കളേഴ്‌സ്’ എന്ന പേരില്‍ ലളിതകലാ അക്കാദമിയില്‍ വെച്ച് നടത്തിയ പ്രദര്‍ശനത്തില്‍ അദ്ദേഹം പ്രമേയമാക്കിയത് ദ്വീപുകളിലെ ഗോത്രജന വിഭാഗങ്ങളെയും സുനാമി ദ്വീപില്‍ വിതച്ച ദുരന്തങ്ങളെയും ആയിരുന്നു. 1986 മുതല്‍ ചിത്രരചനാ രംഗത്ത് സജീവമായ ശ്രീപ്രകാശ് ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രകലയെ ഉപയോഗിച്ചിരുന്ന കലാകാരനാണ്.

 

Content Highlights: painting exhibition by artist sn sree prakash