| Tuesday, 29th April 2014, 3:24 pm

പ്രമുഖ ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി:പ്രമുഖ ചിത്രകാരനും ശില്പിയുമായ എം.വി ദേവന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആലുവയിലെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുറച്ച് നാളുകളായി ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു.

എഴുത്തുകാരനും പ്രഭാഷകനും കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്നു. 1952 മുതല്‍ 1962 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്നു.  ബഷീര്‍, ഉറൂബ് തുടങ്ങിയ സാഹിത്യകാരന്മാരുടെയൊക്കെ കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും ഒര്‍ക്കുന്നത് എം.വി ദേവന്റെ ചിത്രത്തിലൂടെയാണ്.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ദേവസ്പന്ദനം എന്ന കൃതിക്ക് 2001ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1985ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ്, 1992ലെ ക്രിട്ടിക്‌സ് അവാര്‍ഡ്, 1994ലെ എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ അവാര്‍ഡ്, ചിത്ര ശില്‍പ്പകലാ ബഹുമതി എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള കേരള കലാപീഠം, മാഹി മലയാള കലാഗ്രാമം എന്നിവ ആരംഭിച്ചത് എം.വി. ദേവനാണ്.

വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിരുന്നുഎം. വി ദേവന്‍. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. 1928 ജനുവരി 15നായിരുന്നു തലശ്ശേരിക്കടൂത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ വെച്ച്  ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ചിത്രകല പഠനം. ഈ സമയത്താണ് അദ്ദേഹം എം. ഗോവിന്ദനുമായി പരിചയപ്പെടുന്നത്.  ഹ്യുമനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്ന എം.ഗോവിന്ദനുമായുള്ള സൗഹൃദം എം. വി ദേവനെ കേരള രാഷ്ട്രീയത്തെ വ്യത്യസ്ത തലത്തില്‍ നോക്കി കാണുന്നതിന് വഴിയൊരുക്കി.

We use cookies to give you the best possible experience. Learn more