| Wednesday, 29th June 2016, 8:33 pm

പ്രശസ്ത ചിത്രകാരന്‍ കെ.ജി സുബ്രഹ്മണ്യന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറോഡ: പ്രശസ്ത ചിത്രകാരന്‍ കെ.ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. ബറോഡയിലായിരുന്നു അന്ത്യം. ചിത്രകാരനായും ശില്‍പിയായും അധ്യാപകനായും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കലാഭവന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1924ല്‍ കൂത്തുപറമ്പില്‍ ജനിച്ച സുബ്രഹ്മണ്യന്‍ കൊല്‍ക്കത്തയിലും ബറോഡയിലുമായാണ് കലാപ്രവര്‍ത്തനം നടത്തിയത്.

ചെന്നൈയില്‍ പ്രസിഡന്‍സി കോളേജില്‍ ധന തത്ത്വശാസ്ത്രത്തിന് പഠിക്കുമ്പോള്‍ പ്രമുഖ ചിത്രകാരനും ശില്‍പിയും മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പലുമായ ദേവി പ്രസാദ് റോയ് ചൗധരിയെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. സുബ്രഹ്മണ്യന്റെ സൃഷ്ടികള്‍ കണ്ട ചൗധരി അദ്ദേഹത്തോട് എത്രയും പെട്ടെന്ന് ചിത്രകല അഭ്യസിച്ചു തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ശാന്തിനികേതനില്‍ ചിത്രകല അഭ്യസിച്ചു. ഇന്ത്യയില്‍ ചിത്രകലയെന്ന മാധ്യമത്തെ നവീകരിക്കുന്നതില്‍ വഹിച്ചിട്ടുള്ള സുബ്രഹ്മണ്യന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

ഓള്‍ ഇന്ത്യ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് ഇന്‍ അപ്ലൈഡ് ആര്‍ട്, ഗുജറാത്ത് ലളിതകലാ അക്കാദമി, ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹാന്‍ഡിക്രാഫ്റ്റ്‌സ് ബോര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവയില്‍ അംഗമായിരുന്നു.

1975ല്‍ പത്മശ്രീ ലഭിച്ച സുബ്രഹ്മണ്യത്തെ പത്മവിഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത് 2012ലാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മിക്ക ആര്‍ട്ട് ഗാലറികളിലും ഈ അതുല്യകലാകാരന്റെ സൃഷ്ടികളുണ്ട്. ചിത്രശില്‍പ കലകള്‍ക്ക് പുറമെ നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഈ വിശ്വകലാകാരന്‍ മലയാളത്തിന്റെ അഭിമാനമായിരുന്നു.

We use cookies to give you the best possible experience. Learn more