തിരുവനന്തപുരം: ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഗിരീഷ് കുമാറിന്റെ അനുസ്മരണം നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും.
അനുസ്മരണത്തില്‍ രണ്ടാം ലോകയുദ്ധകാലത്തെ കാര്‍ട്ടൂണുകളെ ആധാരമാക്കി “പഴയ കാര്‍ട്ടൂണ്‍ പുതിയ രാഷ്ട്രീയം” എന്ന വിഷയത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി പ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് എം.എല്‍.എ ഗിരീഷ് കുമാറിനെ അനുസ്മരിച്ച് സംസാരിക്കും.
ഗിരീഷ് കുമാറിനെക്കുറിച്ചുള്ള ഓര്‍മ്മപുസ്തകം കെ.പി കുമാരന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് സനിതയുടെ ഹിന്ദുസ്ഥാനി സംഗീത സദസ്സും നടക്കും. വേണു, ഉണ്ണി ആര്‍, അന്ന മിനി എന്നിവര്‍ ഗിരീഷ് കുമാറിനെക്കുറിച്ച് സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഗിരീഷ് കുമാറിന്റെ സുഹൃത്തുക്കളാണ് അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നവംബര്‍ 8 മുതല്‍ 11 വരെ ഗിരീഷ് കുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.
1962ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരാണ് ഗിരീഷ് കുമാര്‍ ജനിക്കുന്നത്. പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1997 മുതലാണ് ചിത്രകലയില്‍ കൂടുതല്‍ സജീവമാകുന്നത്. 2001 മുതല്‍ 2008 വരെ കേരളത്തിലും ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12നാണ് ഗിരീഷ് കുമാര്‍ അന്തരിക്കുന്നത്.