എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ; നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ മരിച്ച അച്ഛനെ സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ കുഴിയെടുത്ത് മകന്‍ (വീഡിയോ)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കാന്‍ കുഴിയെടുത്ത് മകന്‍. കൊടിക്കുന്നില്‍ സുരേഷ് എം.പി ഇതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്’ പൊലീസിനോട് പറഞ്ഞുകൊണ്ടായിരുന്നു മകന്‍ കുഴിയെടുത്തത്.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കിടന്നിരുന്ന രാജന്‍ ഇന്ന് രാവിലെയും ഭാര്യ അമ്പിളി ഇന്ന് വൈകീട്ടോടു കൂടിയുമാണ് മരിച്ചത്.
രാജന്റെ മരണശേഷമായിരുന്നു മകന്‍ വീട്ടുവളപ്പില്‍ തന്നെ കുഴിയെടുത്തത്. ഈ സമയം അമ്മ അമ്പിളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. വൈകീട്ട് അമ്പിളിയും മരണത്തിന് കീഴടങ്ങി.
‘സാറേ എന്റെ അമ്മേം കൂടേ ഇനി മരിക്കാനുള്ളു, നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലെന്നോ..,’ എന്നാണ് കുട്ടി പൊലീസിനോട് ചോദിക്കുന്നത്. പൊലീസ് കുട്ടിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്നും കുട്ടിയെ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും പരിഹസിക്കുന്നതും വീഡിയോയില്‍ കാണാം.
അമ്മകൂടി മരിച്ചാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കുട്ടികള്‍ പറഞ്ഞ് കരയുന്ന വേദനിപ്പിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എ.എസ്.ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.
അച്ഛന്റെ മരണത്തില്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് അമ്പിളിയും മരണപ്പെട്ടിരിക്കുന്നത്.
താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.
‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു.
ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക