'ചരിത്രം തിരുത്തിയെഴുതുന്നു'; ശിപായി ലഹളയല്ല ഒന്നാം സ്വാതന്ത്ര്യസമരം ഇനിമുതല്‍ പൈക പ്രക്ഷോഭമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍
India
'ചരിത്രം തിരുത്തിയെഴുതുന്നു'; ശിപായി ലഹളയല്ല ഒന്നാം സ്വാതന്ത്ര്യസമരം ഇനിമുതല്‍ പൈക പ്രക്ഷോഭമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2017, 9:03 am

ഭൂവനേശ്വര്‍: ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന “ശിപായി ലഹള”യ്ക്ക് ആ സ്ഥാനം നഷ്ടമാകുന്നു. ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല.

1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ചു. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ 1817ല്‍ കമ്പനിക്കെതിരായി നടന്ന സായുധ പോരാട്ടമാണിത്.

പൈക സമുദായത്തിനു ഗജപതി രാജാക്കന്മാര്‍ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നല്‍കിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ല്‍ ഒഡീഷ കീഴടക്കിയതോടെ കര്‍ഷകര്‍ക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിര്‍ത്തലാക്കിയതോടെ പൈക സമുദായത്തെ അസ്വസ്ഥരാക്കുകയും സായുധ പോരാട്ടം ആരംഭിക്കുകയുമായിരുന്നു. ആദിവാസികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.


Also Read: ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന് പൊലീസ്; ചികിത്സ കാത്ത് ആശുപത്രിയില്‍ കിടന്നത് നാലു മണിക്കൂറോളം


പ്രക്ഷോഭത്തില്‍ നൂറുകണക്കിനു പൈക സൈനികരെ വധിക്കുകയും ജഗബന്ധുവടക്കം അനേകം പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്‌നായിക് പൈക പ്രകോഷഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

രാജ്യം മുഴുവന്‍ “പൈക ബിദ്രോഹ”യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. “വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രമാണു പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ “പൈക ബിദ്രോഹ” അറിയപ്പെടും” ജാവഡേക്കര്‍ പറഞ്ഞു.