കൊല്‍ക്കത്ത: ബംഗാളില്‍ നാരദ കൈക്കൂലി കേസില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നാരദ ടേപ്പ് കേസിലെ പരാതിക്കാരനുമായ മാത്യൂ സാമുവല്‍.
താന്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ തുടര്‍ച്ചയായി ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഴിമതിയില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാവ് സുവേന്തു അധികാരികരിക്ക് എതിരെ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് പോയ മുകുള്‍ റോയിക്കെതിരെയും നടപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ സുവേന്തു അധികാരിയുടെ ഓഫീസില്‍ പോയി പണം കൊടുത്തിരുന്നുവെന്ന് സാമുവല്‍ പറഞ്ഞു. പണം വാങ്ങിയെന്ന് സുവേന്തു സമ്മതിച്ചിട്ടുണ്ടെന്നാണ് താന്‍ അറിഞ്ഞ വിവരമെന്നും നാരദ ന്യൂസിന്റെ സ്ഥാപകന്‍ കൂടിയായ സാമുവല്‍ പറഞ്ഞു.
‘ഇത് സന്തോഷത്തിന്റെ ദിവസമാണ് … വര്‍ഷങ്ങളായി. 2016 ല്‍ ആണ് സ്റ്റിംഗ് ടേപ്പുകള്‍ പുറത്തിറങ്ങിയത്. രാഷ്ട്രീയക്കാരെ തൊടാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. മൂന്ന് വര്‍ഷം മുമ്പ് കുറ്റപത്രം തയ്യാറാക്കിയിരുന്നു,’ സാമുവല്‍ പറഞ്ഞു.
രാവിലെ ഒമ്പത് മണിയോടെയാണ് ഫിര്‍ഹാദ് ഹക്കീമിനെ വീട്ടില്‍ നിന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്.
ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എം.പി.മാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എം.എല്‍.എക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക