|

നടിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമം കാണിച്ച് പണം നല്‍കി; ട്രംപ് കുറ്റക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: നടി സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവെക്കാന്‍ വേണ്ടി കൃത്രിമ രേഖകള്‍ ചമച്ച് പണം നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. കേസില്‍ ട്രംപിനെതിരെ ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. നാല് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുള്ള കേസില്‍ ജൂലെ 11നാണ് ശിക്ഷ വിധിക്കുക.

2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് നേരത്തെ നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവെക്കാനായി 1,30,000 ഡോളര്‍ നല്‍കിയെന്നായിരുന്നു പരാതി. ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചെന്നും പരാതിയിലുണ്ടായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ട്രംപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ന്യൂയോര്‍ക്ക് കോടതി ഈ ആവശ്യം തള്ളിയിരുന്നു. മാര്‍ച്ച് 25നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

ഈ കേസില്‍ കഴിഞ്ഞ വര്‍ഷം ട്രംപ് കേസ് പരിഗണിക്കുന്ന ലോവര്‍മാന്‍ഹാര്‍ട്ടര്‍ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുന്‍പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്. നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ട്രംപിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത് എങ്കിലും മുന്‍ പ്രസിഡന്റായതിനാല്‍ തന്നെ ശിക്ഷ പിഴയിലൊതുക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കാന്‍ ട്രംപ് ആവശ്യപ്പെട്ടു എന്ന അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ വെളിപ്പെടുത്തിലെ തുടര്‍ന്നാണ് ഈ കേസ് ആരംഭിക്കുന്നത്. കേസില്‍ മൈക്കല്‍ കോഹനും ശിക്ഷ അനുഭവിച്ചിരുന്നു.

അതേ സമയം കുറ്റം തെളിയിക്കപ്പെട്ട ട്രംപിനെതിരെ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ട്രംപിനെ പോലുള്ള കുറ്റവാലികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബാലറ്റ് ബോക്‌സിന് മാത്രമേ സാധിക്കൂ എന്ന് ബൈഡന്‍ പറഞ്ഞു.

content highlights: paid by falsifying documents to hide his relationship with the actress; Trump is guilty