ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ചുള്ള ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 2750ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ സിവിലിയന്‍മാരും ഹിസ്ബുള്ള പ്രവര്‍ത്തകരമുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പരിക്കേറ്റവരില്‍ 200ലധികം പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖത്തും കൈകളിലും വയറിലുമാണ് കൂടുതല്‍ പേര്‍ക്കും പൊള്ളലേറ്റിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടാണ് ലെബനനിലുടനീളവും സിറിയയുടെ ചില ഭാഗങ്ങളിലും ആശയവിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് സ്‌ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ ലെബനനിലെ ഇറാന്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രഈലുമായുള്ള ഒരു വര്‍ഷത്തിലേറെയായി നിണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ചയാണ് ചൊവ്വാഴ്ചയുണ്ടായിരിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഹിസ്ബുള്ള അംഗത്തെ ഉദ്ധരിച്ച് കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിസ്ബുള്ള അംഗങ്ങള്‍ സെല്‍ഫോണുകള്‍ ഉപയോഗിക്കരുതെന്ന് അവരുടെ നേതാവ് ഹസന്‍ നസ്രുള്ളയുടെ നിര്‍ദേശമുണ്ടായിരുന്നു. ശത്രുക്കള്‍ക്ക് തങ്ങളെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. പകരം ആശയ വിനിമയത്തിനായി പേജറുകളാണ് ഹിസ്ബുള്ള അംഗങ്ങള്‍ ഉപയേഗിച്ചിരുന്നത്.
ഈ ഉപകരണങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിച്ചിരിക്കുന്നത്. പരിക്കേറ്റവര്‍ക്കെല്ലാം പൊതുവായി പൊള്ളലേറ്റത് പോക്കറ്റുകള്‍ക്ക് സമീപവും കൈകളിലും പേജറുകള്‍ സൂക്ഷിക്കുന്ന ഇടങ്ങളിലുമാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള ആശുപത്രികളോട് സജ്ജരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെല്ലം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലൂടനീളം ആംബുലന്‍സുകള്‍ തെരുവുകളിലൂടെ പോകുന്നതായും ആശുപത്രികളില്‍ നിന്ന് രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനത്തിന്റെയും പരിക്കേറ്റവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരോട് പേജറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലുള്ളവരോട് രക്തദാനത്തിന് സന്നദ്ധരാകാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പുതിയ പേജറുകളിലെ ലിഥിയം ബാറ്ററികളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും ആക്രമണത്തിന് പിന്നില്‍ ഇസ്രഈലാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇസ്രഈല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
2010ല്‍ ഇറാന്റെ ആണവ പദ്ധതിക്ക് നേരെ സമാനമായി രീതിയില്‍ ഇസ്രഈലിന്റെ ആക്രമണം ഉണ്ടായിരുന്നു. കംപ്യൂട്ടര്‍ വൈറസുകളുടെ രൂപത്തിലുള്ള ആക്രമണത്തില്‍ അന്ന് ചിലര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍, ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ സമയം സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടെന്നും മുറിവേറ്റും തലയില്‍ ചോരയൊലിച്ചുമുള്ള തറയില്‍ കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ലെബനനിലൂടനീളം പ്രചരിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്തം വാര്‍ന്ന് കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ പ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ടെന്നും ആംബുലന്‍സുകള്‍ പരക്കെ പോകുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയിരുന്നതായും പലചരക്ക് കടകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ചെറിയ ഹാര്‍ഡ് വെയര്‍ ഡിവൈസുകളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
content highlights: pager explosion in Lebanon; 8 dead, 2750 wounded, Hezbollah behind Israel