അമിത് ഷാ ഒന്നും പറയേണ്ടെന്ന് ബി.ജെ.പി; പെഗാസസില്‍ മൗനം പാലിക്കാന്‍ തീരുമാനം
Pegasus Project
അമിത് ഷാ ഒന്നും പറയേണ്ടെന്ന് ബി.ജെ.പി; പെഗാസസില്‍ മൗനം പാലിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th August 2021, 9:38 am

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി.

പെഗാസസ് വിവാദം കെട്ടിച്ചമച്ചതാണെന്നായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞിരുന്നത്.

പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ബന്ധമായി അന്വേഷണം വേണമെന്ന് നിതീഷ് പറഞ്ഞു. ഇതാദ്യമായാണ് എന്‍.ഡി.എയുടെ സഖ്യകക്ഷി തന്നെ പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

പെഗാസസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തീര്‍ച്ചയായും പരിഗണിക്കണമെന്നാണ് നിതീഷ് പറഞ്ഞത്.

അതേസമയം, പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്.

അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.എസ്.പി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ എം.പിമാരെല്ലാവരും പ്ലക്കാര്‍ഡുകളുമായെത്തിയാണ് സഭയില്‍ പ്രതിഷേധിച്ചത്.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി തീരുമാനം ഉണ്ടാകുന്നതുവരെ
പ്രതിഷേധം തുടരണമെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Pagasus Project Updation, BJP’s new moves