യു.എസ്.ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയത്തുടക്കം
Daily News
യു.എസ്.ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയത്തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2016, 11:42 am

ന്യൂയോര്‍ക്ക്. യു. എസ്സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഡബ്ബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയത്തുടക്കം. ഡബ്ബിള്‍സ് വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങളെല്ലാം ആദ്യ റൗണ്ടുകളില്‍ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

വെറ്ററന്‍ താരം ലിയാണ്ടര്‍ പെയ്‌സ്, സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളാണ് തങ്ങളുടെ പങ്കാളികളോടൊപ്പം ആദ്യ കടമ്പ അനായാസം മറികടന്നത്. രോഹന്‍ ബൊപ്പണ്ണയും ഡാനിഷ് പങ്കാളിയായ ഫെഡ്‌റിക് നില്‍സണും ചേര്‍ന്ന സംഖ്യം അട്ടിമറി ജയത്തോടെയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

സീഡ് ചെയ്യപ്പെടാത്ത ഇന്തോ- ഡാനിഷ് സംഖ്യം ടൂര്‍ണ്ണമെന്റിലെ പതിനാറാം സീഡായ റാഡക് സ്റ്റെപാനക്- നെനോദ് സിമോണിച്ച് ജോഡിയെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 6-7(3), 6-3 എന്ന സ്‌കോറിനായിരുന്നു ബൊപ്പണ്ണ-നില്‍സ ജോഡി ജയിച്ച് കയറിയത്.

മാര്‍ട്ടിന ഹിന്‍ഗിസുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം പുതിയ പങ്കാളിയുമായി ആദ്യ ഗ്രാന്‍സ്ലാം കളിക്കാനിറങ്ങിയ സാനിയ മിര്‍സയും ജയിച്ചു കയറി. ഏഴാം സീഡായ സാനിയയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സറ്റ്രൈക്കോവയും ചേര്‍ന്ന സംഖ്യം സീഡ് ചെയ്യപ്പെടാത്ത അമേരിക്കയുടെ ജാഡ മൈലി ഹാര്‍ട്ട് – ഷിബാര ജോഡിയെയാണ് തകര്‍ത്ത് വിട്ടത്.

ഒരു മണിക്കൂറോളം നീണ്ട് നിന്ന മത്സരത്തില്‍ 6-2, 6-3 എന്ന സ്‌കോറിനായിരുന്നു ഇന്തോ-ചെക്ക് സംഖ്യത്തിന്റെ ജയം. വെറ്ററന്‍ താരങ്ങളായ ലിയാണ്ടര്‍ പെയ്‌സും മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സംഖ്യം ഏറെക്കുറെ അനായാസമായാണ് ആദ്യ മത്സരം ജയിച്ച് കയറിയത്.

അമേരിക്കയുടെ സാച്ചിയ വികറി- ഫ്രാന്‍സിന്റെ ടിയാഫോയ് സംഖ്യത്തിനെതിരെയായിരുന്നു ഹിംഗിസ്-പെയ്‌സ് സംഖ്യത്തിന്‍െ ജയം. 51 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ 6-3, 6-2 എ സ്‌കോറിനായിരുന്നു പെയ്‌സ്-ഹിംഗിസ് ജോഡിയുടെ ജയം.