പെയ്‌സ്- ഭൂപതി തര്‍ക്കം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല
DSport
പെയ്‌സ്- ഭൂപതി തര്‍ക്കം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2012, 12:31 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്- മഹേഷ് ഭൂപതി തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു. രാജ്യ താത്പര്യം കണക്കിലെടുത്ത് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുവരുടേയും തര്‍ക്കത്തെ കുറിച്ച് അസോസിയേഷനോട് കായിക മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍ ഒളിംപിക്‌സില്‍ പെയ്‌സിനൊപ്പം കളിക്കാന്‍ തയ്യാറല്ലെന്ന് ഭൂപതി ടെന്നീസ് അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാല്‍ ഭൂപതിയുടെ ആവശ്യം അസോസിയേഷന്‍ നിരാകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഭൂപതി മത്സരിക്കുന്നെങ്കില്‍ പെയ്‌സിനൊപ്പം മതിയെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ബൊപ്പണ്ണയുടെ കൂടെ കളിക്കാനായിരുന്നു ഭൂപതി താത്പര്യപ്പെട്ടത്. ഭൂപതി കളിക്കുന്നില്ലെങ്കില്‍ ബൊപ്പണ്ണയെ പെയസിനൊപ്പം കളിപ്പിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. എന്നാല്‍ പെയ്‌സിനൊപ്പം കളിക്കാന്‍ തയ്യാറല്ലെന്ന് ബൊപ്പണ്ണയും ടെന്നീസ് അസോസിയേഷനെ അറിയിക്കുകയായിരുന്നു. ഇതോടെ തര്‍ക്കം രൂക്ഷമാകുകയും കായിക മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്തെ ഒന്നാം നമ്പര്‍ താരമായ പെയ്‌സിനൊപ്പം ജൂനിയര്‍ താരത്തെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു അസോസിയേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞത്. ഏതെങ്കിലും ജൂനിയര്‍ താരത്തോടൊപ്പം കളിക്കാന്‍ പെയ്‌സ് തയ്യാറാവുകയാണെങ്കില്‍ ഭൂപതി-ബൊപ്പണ്ണ സഖ്യത്തെ അയക്കാമെന്നും അസോസിയേഷന്‍ വിശദീകരണത്തില്‍ പറയുന്നു.