|

രണ്ടരകോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പദ്മിനി പ്രൊമോഷനില്‍ പങ്കെടുത്തില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ പദ്മിനി തീയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം മികച്ച അഭിപ്രായം ചിത്രത്തിന് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രൊമോഷനിലും താരം പങ്കെടുത്തില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ സുവിന്‍.കെ.വര്‍ക്കി.

ചിത്രത്തിന് വേണ്ടി രണ്ടര കോടി രൂപ പ്രതിഫലമായി കുഞ്ചാക്കോ ബോബന്‍ വാങ്ങിയെന്നും എന്നാല്‍ ഒരു പ്രൊമോഷനില്‍ പോലും നടന്‍ പങ്കെടുത്തില്ല എന്നാണ് സുവിന്‍ ആരോപിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് സുവിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍ ഉല്ലസിക്കുന്നതായിരുന്നുവെന്നും 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലമായി വാങ്ങിയെന്നും നിര്‍മാതാവ് കുറിപ്പില്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിങ് കണ്‍സല്‍ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പ്രമോഷനു വേണ്ടി ചാര്‍ട് ചെയ്ത എല്ലാ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

സുവിന്‍.കെ വര്‍ക്കി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ ഒരുകാര്യം സത്യസന്ധമായി പറയാം. ‘പദ്മിനി’ ഞങ്ങള്‍ക്ക് ലാഭം നല്‍കിയ സിനിമ തന്നെയാണ്. അതിന്റെ ബോക്‌സ് ഓഫിസ് നമ്പര്‍ എത്രയാണെങ്കിലും ഈ സിനിമ ഞങ്ങള്‍ക്കു ലാഭമാണ്.

ചിത്രീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മിടുക്കന്മാരായ പ്രൊഡക്ഷന്‍ ടീമിനും സംവിധായകന്‍ സെന്നയ്ക്കും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അതിന് നന്ദി പറയുന്നു.

എന്നാല്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലും തിയേറ്ററില്‍ നിന്നുള്ള പ്രതികരണമാണല്ലോ പ്രധാനം, അവിടെയാണ് തിയറ്ററുകളിലേക്ക് ജനങ്ങള്‍ എത്താന്‍ അതിലെ നായകനടന്റെ താരപരിവേഷം ആവശ്യമായി വരുന്നത്.

പദ്മിനി സിനിമയ്ക്ക് വേണ്ടി അതിന്റെ നായകനടന്‍ വാങ്ങിയത് രണ്ടരകോടി രൂപയാണ്. ഒരഭിമുഖങ്ങളിലും പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളില്‍പോലും അദ്ദേഹം പങ്കെടുത്തില്ല.

സിനിമയുടെ റോ ഫൂട്ടേജ് കണ്ട അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാര്‍ക്കറ്റിങ് കണ്‍സള്‍ടന്റ് ഞങ്ങള്‍ പദ്ധതിയിട്ടുവച്ചിരുന്ന എല്ലാ പ്രമോഷന്‍ പ്ലാനുകളും തള്ളിക്കളഞ്ഞു. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്ന് സിനിമകളിലെ നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. അതുകൊണ്ട് തന്നെ ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നി.

ഇദ്ദേഹം സഹനിര്‍മാതാവായ സിനിമകള്‍ക്ക് ഈ അവസ്ഥ സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങള്‍ക്കുവേണ്ടിയും നിന്നുകൊടുക്കുകയും ടി.വി പരിപാടികളില്‍ അതിഥിയായി എത്തുകയും ചെയ്യും. എന്നാല്‍ പുറത്തുനിന്നുള്ള ആളാണ് നിര്‍മാതാവെങ്കില്‍ ഈ പരിഗണനയൊന്നും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.

അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍ ഉല്ലസിക്കുന്നതാണ്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് അദ്ദേഹം 2.5 കോടി പ്രതിഫലമായി മേടിച്ചത്. ഒരു ദിവസം പത്ത് ലക്ഷം എന്ന കണക്കിലാണ് ഇത്.

ഇവിടെ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിതരണക്കാര്‍ സമരം നടത്തുന്ന സാഹചര്യമാണ് ഉള്ളത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തത്. ഇവര്‍ സഹകരിക്കുന്ന സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുക എന്ന ഉത്തരവാദിത്തം അതിലെ ഓരോ അഭിനേതാക്കള്‍ക്കുമുണ്ട്.

ഓരോ വര്‍ഷം ഇരുന്നൂറിലധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത്. നമ്മുടെ സിനിമ പ്രേക്ഷകരിലെത്തിക്കണമെങ്കില്‍ നാം സ്വയം ഇറങ്ങിത്തിരിക്കണം. ഇതൊരു ഷോബിസിനസ് ആണ്, നമ്മുടെ നിലനില്‍പ് തന്നെ പ്രേക്ഷകരുടെ വിധിപ്രകാരമാണ്.


ഇതൊക്കെയാണെങ്കിലും സിനിമയുടെ കണ്ടന്റ് ആണ് പ്രധാന വിജയത്തിന് കാരണം. പിന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആ നടനുവേണ്ടി വാദിച്ച നിര്‍മാതാക്കളായ സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.”സുവിന്‍ കെ. വര്‍ക്കി കുറിച്ചു.

അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചിട്ടുള്ളത്. വമ്പന്‍ ഹിറ്റായി മാറിയ കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രമാണ് പദ്മിനി. എബി, കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിട്ടുള്ളത്. സിനിമയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്.

മാളവിക മേനോന്‍, ആല്‍താഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Content Highlight: Padmini Producer Suvin K Varkey’s Bold Statement About Miscooperation From Kunchacko Boban Goes Viral

Latest Stories