| Wednesday, 15th March 2017, 1:29 pm

പദ്മാവതി സെറ്റിന് നേരെ വീണ്ടും ആക്രമണം; സെറ്റ് തീയിട്ട് നശിപ്പിച്ചു; മൃഗങ്ങള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതി സിനിമ സെറ്റിന് നേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കൊല്‍ഹാപ്പൂരിലെ സെറ്റിന് നേരെ ആക്രമണം നടന്നത്.

അക്രമികള്‍ സെറ്റ് തീയിട്ട് നശിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന കുതിരകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അക്രമണം നടക്കുമ്പോള്‍ സെറ്റില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

പെട്രോള്‍ ബോംബും കല്ലുകളും വടികളുമായി എത്തിയ 50 ഓളം വരുന്ന സംഘം സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച ശേഷമാണ് സെറ്റിന് തീയിട്ടത്. സെറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറും തല്ലിതകര്‍ത്തു.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അക്രമികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഓഹാദ് നടുക്കം രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞമാസമായിരുന്നു ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ ആക്രമണമുണ്ടായത്.


Dont Miss തിരുവനന്തപുരം ലോ അക്കാദമിയില്‍ സംവരണസീറ്റില്ല; സര്‍വകാലശാലക്ക് കീഴിലുള്ള കോളേജില്‍ എത്ര പട്ടികജാതിക്കാര്‍ ഉണ്ടെന്ന് അറിയില്ലെന്നും വിവരാവകാശപ്രകാരം മറുപടി


സംവിധായകനെ ക്രൂരമായി തല്ലിയ അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തിരുന്നു. ജയ്പൂര്‍ കോട്ടയില്‍ വെച്ചായിരുന്നു സംഭവം.രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

രജ്പുത് കര്‍ണി സേനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് കര്‍ണി സേനയുടെ വാദം. എന്നാല്‍ അത്തരം രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്നും ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more