| Sunday, 19th November 2017, 11:31 pm

പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി നേതാവ്; ബന്‍സാലിയുടെയും ദീപികയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗണ്ഡ്: വിവാദ ചിത്രമായ പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുകോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് രംഗത്ത്. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് വിവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
ദീപികയുടെയും ബന്‍സാലിയുടെയും തല കൊയ്താല്‍ 10 കോടി രൂപ നല്‍കാമെന്നും അവര്‍ ഇരുവരുടെയും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സൂരജ് പാല്‍ അമു പറഞ്ഞു. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ക്ഷത്രിയ സഭ അംഗത്തിനെ അഭിനന്ദിക്കുകയും ചെയ്തു. നായകന്‍ രണ്‍വീര്‍ സിംഗിനെതിരെയും സൂരജ് പാല്‍ അമു ഭീഷണി മുഴക്കി. രണ്‍വീറിന്റെ 200 ശതമാനവും സിനിമക്കൊപ്പം ഉറച്ച നില്‍ക്കുമെന്ന പ്രസ്താവന പിന്‍ വലിച്ചില്ലെങ്കില്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.


Also Read രാജസ്ഥാനില്‍ ലൗ ജിഹാദ് പഠനവും പശുവിനെ അമ്മയാക്കാനുള്ള ഒപ്പ് ശേഖരണവും സര്‍ക്കാര്‍ വക


ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിരുന്നു. സര്‍ഗാത്മകതയുടെ പേരില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കുകയാണ് ചിത്രമെന്നും കര്‍ണി സേനയുടെയും രജപുത്ര വംശജരുടെയും അതേ കാഴ്ചപ്പാടോടുകൂടിയാണ് താനും ഈ വിഷയത്തെ കാണുന്നതെന്നുമാണ് ഗഡ്കരി പറഞ്ഞിരുന്നത്.

ചിത്രത്തിനെതിരെ സംഘപരിവാര്‍ പോര്‍വിളികള്‍ക്കെതിരെ നടന്‍ പ്രകാശ് രാജും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടും വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി ഇറാനിക്കെതിരെ ശബാന ആസ്മിയും രംഗത്തെത്തിയിരുന്നു.

ഭരണഘടന പ്രകാരം സ്വാതന്ത്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more