ഇരുന്നൂറുകൊല്ലം ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസിനെ കുറിച്ച് പറയുന്നത്; പത്മാവതി വിവാദത്തില്‍ ജാവേദ് അക്തര്‍
India
ഇരുന്നൂറുകൊല്ലം ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസിനെ കുറിച്ച് പറയുന്നത്; പത്മാവതി വിവാദത്തില്‍ ജാവേദ് അക്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2017, 1:58 pm

ന്യൂദല്‍ഹി: സജ്ഞയ് ലീലാ ബന്‍സാലി ചിത്രമായ പത്മാവതിക്കെതിരെ രജപുത് കര്‍ണിസേനയും മറ്റ് സംഘപരിവാര്‍ അനുകൂല സംഘടനകളും നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍.

രജപുത്രന്‍മാര്‍ ഒരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തിരുന്നില്ലെന്നും 200 ഓളം വര്‍ഷം ബ്രീട്ടീഷുകാരുടെ പാദസേവ ചെയ്തിരുന്നവരാണ് അവരെന്നും ജാവേദ് അക്തര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരെ തെരുവിലിറങ്ങുകയും സിനിമയ്ക്കും സിനിമാസംവിധായകനുമെതിരെ കൊലവിളി നടത്തുകയാണ് അവരെന്നും ജാവേദ് അക്തര്‍ പറഞ്ഞു.


Dont Miss ഓണ്‍ലൈന്‍ മീഡിയ എല്ലാത്തിനേയും നെഗറ്റീവായി കാണുന്നു; ലവകുശ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്


രാജസ്ഥാനിലെ രജപുത്രരിലെ രാജാക്കന്‍മാരും റാണികളും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പണിയെടുത്തവരാണ്. ബ്രിട്ടീഷുകാരെ സേവിച്ചവരാണ്. ആ സമയത്ത് രജപുത്രന്‍മാരുടെ അഭിമാനവും അന്തസും എവിടെയായിരുന്നു? ബ്രിട്ടീഷുകാരെ സേവിക്കാന്‍ അവര്‍ തയ്യാറായതുമുതല്‍ അവര്‍ എന്താണോ ആവേണ്ടത് അത് തന്നെയാണ് ആയിട്ടുള്ളതെന്നും ജാവേദ് അക്തര്‍ പറയുന്നു.

അതേസമയം ജാവേദ് അക്തറിന്റെ പ്രസ്താവനക്കെതിരെ രജപുത് കര്‍ണിസേന രംഗത്തെത്തി. അക്തര്‍ രാജസ്ഥാനില്‍ പ്രവേശിക്കുന്നത് തടയുമെന്നും അതിന് അദ്ദേഹം മുതിര്‍ന്നാല്‍ തെരുവിലിട്ട് അദ്ദേഹത്തെ അടിക്കുമെന്നും കര്‍ണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാല്‍ സിങ് പറഞ്ഞു.

രജപുതും രജ്‌വദാസും ജീവിതം ത്യജിച്ചവരാണ്. എന്നാല്‍ ജാവേദ് അക്തറിനെപ്പോലുള്ളവര്‍ ചരിത്രം വളച്ചൊടിച്ച് ബ്രിട്ടീഷുകാരെ സേവിച്ചവരാണ് രജപുത്രന്‍മാര്‍ എന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇനി പ്രഭാഷണത്തിനായി ജയ്പൂരില്‍ കാലുകുത്താന്‍ പോലും ജാവേദ് അക്തറിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.