ഭോപ്പാല്‍: ബോളിവുഡ് ചിത്രം പദ്മാവതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രജപുത്ത് വിഭാഗത്തിന്റെ ആയുധ പൂജ ചടങ്ങ് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ചൗഹാന്റെ പ്രതികരണം.
ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാരകത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
‘ചിത്രത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. പ്രതിഷേധം നടത്തിയ എല്ലാവരും അനീതിയെ എതിര്‍ക്കുകയാണ് ചെയ്തത്’- ചൗഹാന്‍ പറഞ്ഞു.
സമൂഹത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് പദ്മാവത് എന്നും മധ്യപ്രദേശില്‍ ചിത്രം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ റാണി പദ്മാവതിയെക്കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാതൃകാപരമായ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് മഹാറാണ പ്രതാപ്, റാണി പദ്മാവതി എന്നിവരുടെ പേരുകളില്‍ പുരസ്‌കാരമേര്‍പ്പെടുത്തും. 2 ലക്ഷം രൂപ മൂല്യമുള്ള പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തുകയെന്നും ചൗഹാന്‍ പറഞ്ഞു.
നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി എത്തിയത് ദീപിക പദുകോണ്‍ ആയിരുന്നു.
ദീപികയെ കുടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അതേസമയം രജപുത്ര റാണിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക