ന്യൂദല്‍ഹി: വിവാദ ചിത്രമായ പദ്മാവത് ചിത്രം പൊലീസ് സുരക്ഷാ സന്നാഹത്തോടെ പ്രദര്‍ശിപ്പിക്കുമെന്ന് ദല്‍ഹി പൊലീസ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കും.
സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുമായി നിരന്തര ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് ദല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പതക് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം ചിത്രത്തിന്റെ വിലക്ക് സുപ്രീംകോടതി നീക്കിയെങ്കിലും പദ്മാവതിനെതിരെ കര്‍ണിസേനയുടെ ആക്രമണം തുടരുകയാണ്. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.
ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ബീഹാറിലെ എല്ലാ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ പാട്നയിലെ ഒരു തീയേറ്റര്‍ മാത്രമാണ് പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വന്നത്.
ബിഹാറില്‍ മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലും കര്‍ണി സേന പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. തിയേറ്ററുകള്‍ “പദ്മാവത്” പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി മുന്നറിയിപ്പ് നല്‍കിയിരുന്നു.