മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്മാരില്‍ ഒരാളാണ് രതീഷ്. നായകനായും, വില്ലനായും, സഹനടനായും തന്റെ കഴിവ് പ്രകടിപ്പിച്ച നടനാണ് രതീഷ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമ്മീഷണറിലെ മോഹന്‍ തോമസ് എന്ന കഥാപാത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. താരത്തിന്റെ മകന്‍ പദ്മരാജും ഇപ്പോള്‍ മലയാളസിനിമയില്‍ സജീവമാണ്.
സിനിമയിലേക്കെത്തിയ സമയത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പദ്മരാജ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാനില്‍ വില്ലനായിട്ടാണ് താരം മലയാളത്തില്‍ അരങ്ങേറിയത്. അച്ഛന്‍ ചെയ്തതുപോലുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവുമധികം സഹായിച്ചത് മമ്മൂട്ടിയാണെന്ന് താരം പറഞ്ഞു.ഫയര്‍മാനിലും അത് കഴിഞ്ഞ് ചെയ്ത അച്ഛാദിനിലും തന്നെ റെക്കമെന്‍ഡ് ചെയ്തത് മമ്മൂട്ടിയാണെന്നും ആ സിനിമയില്‍ മമ്മൂട്ടി തനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിയെപ്പോലൊരു നടന്റെയടുത്ത് നിന്ന് ഇത്തരമൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പദ്മരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കരിയറിലെ ആദ്യത്തെ രണ്ട് സിനിമയിലേക്കും എന്നെ സജസ്റ്റ് ചെയ്തത് മമ്മൂക്കയാണ്. ഫയര്‍മാനില്‍ ഒരു വില്ലനെ വേണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് എന്റെ പേര് പറഞ്ഞത്. പിന്നീട് അച്ഛാ ദിന്നില്‍ ഞാന്‍ ചെന്നപ്പോള്‍ പുള്ളി എനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്. എന്നെ കാരവനില്‍ കൊണ്ടുപോയി ഭക്ഷണം വാരി തന്നിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ അത്രയും വലിയ നടനില്‍ നിന്ന് ഇങ്ങനെയൊക്കെ കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യമാണ്,’ പദ്മരാജ് പറഞ്ഞു.
Content Highlight: Padmaraj Rathessh shares the experience with Mammootty in Achcha Din movie