|

മമ്മൂക്കയും സുരേഷ്‌ഗോപി അങ്കിളുമൊക്കെ ആ വേദനയില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു: പത്മരാജ് രതീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി ജോര്‍ജ്, ഐ.വി. ശശി, ജോഷി, പി.ജി. വിശ്വംഭരന്‍, തമ്പി കണ്ണന്താനം, രാജസേനന്‍, പി.കെ ജോസഫ്, ഷാജി കൈലാസ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം 158 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രതീഷ്. മലയാളസിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം.

1990കളില്‍ ഒരുപാട് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ഞെട്ടിക്കാന്‍ രതീഷിന് സാധിച്ചിട്ടുണ്ട്. നായകനായും, വില്ലനായും, സഹനടനായും തന്റെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ മകനാണ് പത്മരാജ് രതീഷ്. വില്ലനായി കരിയര്‍ തുടങ്ങിയ പത്മരാജ് 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞെന്നും എന്നാലും അച്ഛനില്ലെന്നുള്ള ഒരു വേദന അമ്മ തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറയുകയാണ് പത്മരാജ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ വേദനയില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും അതൊക്കെ അച്ഛന്റെ അനുഗ്രഹം തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞു. എന്നാലും അച്ഛനില്ല എന്നുള്ള ഒരു വേദന അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. അമ്മ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നെ അച്ഛന്റെ സുഹൃത്തുക്കളും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. സുരേഷ്‌ഗോപി അങ്കിളും, മമ്മൂക്കയും ഒക്കെ വേദനയില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതൊക്കെ അച്ഛന്റെ അനുഗ്രഹം തന്നെയായിരുന്നു,’ പത്മരാജ് രതീഷ് പറഞ്ഞു.

രതീഷ് മരിച്ചിട്ടും മറ്റുള്ളവര്‍ തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. തലമുറകളില്‍ നിന്ന് തലമുറകളിലേക്കാണ് ആ സ്‌നേഹം വരുന്നതെന്നും താന്‍ ഏത് ലൊക്കേഷനില്‍ പോയാലും എല്ലാവര്‍ക്കും അച്ഛനെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാനുണ്ടാകുമെന്നും പത്മരാജ് കൂട്ടിച്ചേര്‍ത്തു.

‘തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ആണ് ആ സ്‌നേഹം വരുന്നത്. ഞാന്‍ ഏത് ലൊക്കേഷനില്‍ പോയാലും എല്ലാവര്‍ക്കും അച്ഛനെപ്പറ്റി എന്തെങ്കിലും ഒക്കെ പറയാനുണ്ടാകും. അച്ഛനുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓര്‍മകള്‍ അവരെന്നോട് പറയും.

അതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷമാണ്. അച്ഛന്‍ സ്‌ക്രീനില്‍ വില്ലന്‍ ആയിരുന്നെങ്കിലും റിയല്‍ ലൈഫില്‍ വളരെ നല്ല മനുഷ്യനായിരുന്നു എന്നതിന് ഉദാഹരണമാണ് അതെല്ലാം. സിനിമാമേഖലയില്‍ അല്ലാതെ അതിന് പുറത്തുള്ളവരും എന്നോട് അച്ഛനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. രതീഷിന്റെ മകനാണ് എന്നതില്‍ എനിക്കും ഒരുപാട് സ്‌നേഹം ലഭിക്കാറുണ്ട്,’ പത്മരാജ് രതീഷ് പറഞ്ഞു.

Content Highlight: Padmaraj Ratheesh Talks About Mammootty And Suresh Gopi

Video Stories