ആ സിനിമയിലേക്ക് ഒരു വില്ലനെ വേണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് എന്റെ പേര് നിര്‍ദേശിച്ചത്: പദ്മരാജ് രതീഷ്
Entertainment
ആ സിനിമയിലേക്ക് ഒരു വില്ലനെ വേണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് എന്റെ പേര് നിര്‍ദേശിച്ചത്: പദ്മരാജ് രതീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 5:23 pm

മലയാളസിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രം ചെയ്ത് ഞെട്ടിച്ച രതീഷിന്റെ മകന്‍ പദ്മരാജും അച്ഛനെപ്പോലെ നല്ലൊരു നടനാണ്. വില്ലനായി കരിയര്‍ തുടങ്ങിയ പദ്മരാജ് 20ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങണമെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നുവെന്ന് പദ്മരാജ് പറഞ്ഞു.

മമ്മൂട്ടി പലപ്പോഴും തന്നെ സഹായിച്ചിട്ടുണ്ടെന്നും ആദ്യ ചിത്രമായ ഫയര്‍മാനിലേക്ക് തന്നെ നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്നും പദ്മരാജ് പറഞ്ഞു. ഫയര്‍മാന്‍ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോഴാണ് സംവിധായകന്‍ ദീപു കരുണാകരന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പദ്മരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ കൂടുതല്‍ വില്ലന്‍ വേഷം ചെയ്യാനാണ് എനിക്കിഷ്ടം. അച്ഛനും വില്ലന്‍ വേഷത്തിലൂടെയാണല്ലോ പ്രശസ്തനായത്. അച്ഛനെപ്പോലെയാകാന്‍ പറ്റിയില്ലെങ്കിലും എന്റതായിട്ടുള്ള രീതിയിലുള്ള വില്ലന്‍ കഥാപാത്രങ്ങളാണ് ഞാന്‍ കൂടുതലും നോക്കാറുള്ളത്. സിനിമയിലെത്തുന്നതിന് മുമ്പും ശേഷവും എന്നെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് മമ്മൂക്കയാണ്.

ആദ്യത്തെ സിനിമയായ ഫയര്‍മാനിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് മമ്മൂക്കയായിരുന്നു. ആ സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ അതിന്റെ സംവിധായകന്‍ ദീപുവാണ് എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയുടെ അവസാനം എല്ലാ കാര്യവും ജയിലിലിരുന്ന് പ്ലാന്‍ ചെയ്യുന്ന ഒരു വില്ലന്‍ വേണം, ഇതുവരെ കണ്ട് ശീലിക്കാത്ത മുഖമുള്ള വില്ലനാണെങ്കില്‍ നന്നാകുമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് എന്റെ പേര് സജസ്റ്റ് ചെയ്തത്,’ പദ്മരാജ് പറഞ്ഞു.

Content Highlight: Padmaraj Ratheesh saying that Mammootty suggested him for Fireman movie