സാമി രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മിരുഗം. ആദി നായകനായ ചിത്രത്തില്‍ നായികയായി എത്തിയത് പത്മപ്രിയ ആയിരുന്നു. സിനിമയില്‍ അളഗമ്മ എന്ന കഥാപാത്രമായാണ് പത്മപ്രിയ എത്തിയത്.
മിരുഗത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് ആ വര്‍ഷത്തെ തമിഴ്‌നാടിന്റെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം സംവിധായകന്‍ സാമി തന്നെ ആളുകളുടെ മുന്നില്‍ വെച്ച് തല്ലിയതിനെ കുറിച്ച് പറയുകയാണ് നടി.
‘സ്ത്രീകളെ പൊതുവെ സമൂഹത്തില്‍ പറയാറുള്ളത് ഗോസിപ്പ് പറയുന്നവരായും ഒരുപാട് സംസാരിക്കുന്നവരായിട്ടുമാണ്. പക്ഷെ സിനിമയില്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നമ്മള്‍ തന്നെയാണ് ഏറ്റവും കുറവ് സംസാരിക്കുന്നത്. ഇനി അഥവാ നമ്മള്‍ സെറ്റില്‍ സംസാരിച്ചാല്‍ സെറ്റിലെ പ്രശ്‌നക്കാരായാണ് നമ്മളെ കാണുക.
അതിന് എനിക്ക് ഒരു പേഴ്‌സണല്‍ എക്‌സാമ്പിള്‍ പറയാനാകും. ഞാന്‍ മിരുഗം എന്ന തമിഴ് സിനിമ ചെയ്യുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ആ സിനിമ ചെയ്യുന്നത് വരെ യഥാര്‍ത്ഥത്തില്‍ എനിക്ക് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ മിരുഗം സിനിമ ചെയ്ത ശേഷം അതിന്റെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ തല്ലി. ആ സിനിമക്ക് എനിക്ക് സ്‌റ്റേറ്റ് അവാര്‍ഡും കിട്ടിയിട്ടുണ്ട്. അന്നത്തെ എല്ലാ മീഡിയ റിപ്പോര്‍ട്ടുകളും നോക്കിയാല്‍ ഞാന്‍ ആ സംവിധായകനെ തല്ലിയെന്നാണ് പറയുന്നത്.
പക്ഷെ ആരും ഞാന്‍ അയാളെ തല്ലിയിട്ടുണ്ടെങ്കില്‍ പിന്നെ എന്തിന് അസോസിയേഷനില്‍ പരാതിപ്പെട്ടുവെന്ന് ചോദിക്കുന്നില്ല. ഒരു സ്ത്രീ അവളുടെ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെ യഥാര്‍ത്ഥത്തില്‍ തെറ്റ് സ്ത്രീയുടേതാണ് എന്നാണ് പറയുന്നത്.
ആ സംഭവത്തിന് ശേഷം എനിക്ക് തമിഴ് സിനിമകള്‍ ലഭിക്കുന്നത് നിന്നു. എനിക്ക് സത്യത്തില്‍ ആ സിനിമക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് വിരോധാഭാസമാണ്. കാരണം ഞാന്‍ ശരിക്കും അഭിനയിക്കുന്നില്ലെന്ന് പറഞ്ഞാണ് അയാള്‍ എന്നെ തല്ലിയത്. ഞാന്‍ ശരിയായി അഭിനയിച്ചില്ലെങ്കില്‍ സിനിമ അവസാനിച്ചതിന് ശേഷം എന്തിനാണ് എന്നെ തല്ലുന്നത്,’ പത്മപ്രിയ പറഞ്ഞു.
Content Highlight: Padmapriya Says Director Sami Slaps Her After Mirugam Movie