| Saturday, 14th May 2022, 8:29 pm

അതുകൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്, അപ്പോഴേക്കും ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു: പത്മപ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. 1999ലെ മലയാള ചിത്രമായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് വന്നത്. പിന്നീട് മമ്മൂട്ടി നായകനായ ‘കാഴ്ച’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ചുവടുവെച്ചു. 2005ല്‍ താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ ‘തവമൈ തവമിരുണ്ടു’ എന്ന സിനിമയിലും അഭിനയിച്ചു.

50ലധികം സിനിമകളില്‍ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്‍ നായകനായ 2017ലെ ‘ഷെഫ്’ എന്ന ഹിന്ദി ചിത്രമാണ് പത്മപ്രിയയുടേതായി അവസാനം റിലീസ് ചെയ്തത്.

സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പത്മപ്രിയ. ഇന്ത്യഗ്ലിറ്റ്സ് മലയാളം മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമ മേഖലയില്‍ ജെന്റര്‍ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാന്‍ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂര്‍ണമായും എന്റെ ജെന്റര്‍ മൂലമാണ്.
എന്റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.

അവര്‍ക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാവുന്നത്. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,’ പത്മപ്രിയ പറഞ്ഞു.

അതേസമയം, പത്മപ്രിയ അഭിനയിക്കുന്ന കോബ്ര എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. വിക്രം കേന്ദ്രകഥാപാത്രമാവുന്ന ഈ ചിത്രം ആര്‍. അജയ് ജ്ഞാനമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് കോബ്ര നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. സംഗീതവും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്.

കോബ്രയില്‍ ശ്രീനിധി ഷെട്ടി, ഇര്‍ഫാന്‍ പത്താന്‍, കനിഹ, മിര്‍ണാളിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍, കെ എസ് രവികുമാര്‍, റോബോ ശങ്കര്‍, ആനന്ദരാജ്, മുഹമ്മദ് അലി ബെയ്ഗ്, ജാനകിരാമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളികളായ മിയ ജോര്‍ജ്, റോഷന്‍ മാത്യു, മാമുക്കോയ, ബാബു ആന്റണി, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്.  ചിത്രം മെയ് 26ന് റിലീസ് ചെയ്യും.

CONTENT HIGHLIGHTS: Padmapriya says about why she took a break from film

We use cookies to give you the best possible experience. Learn more