ഒരു മലയാളം നടി പ്രതിഫലം കൂട്ടിച്ചോദിച്ചപ്പോള്‍ അവരെ ബാന്‍ ചെയ്തു, കത്രീന കൈഫ് വന്നപ്പോള്‍ ഇരട്ടി പ്രതിഫലം കൊടുത്തു: പത്മപ്രിയ
Film News
ഒരു മലയാളം നടി പ്രതിഫലം കൂട്ടിച്ചോദിച്ചപ്പോള്‍ അവരെ ബാന്‍ ചെയ്തു, കത്രീന കൈഫ് വന്നപ്പോള്‍ ഇരട്ടി പ്രതിഫലം കൊടുത്തു: പത്മപ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 8:12 am

അടുത്ത കാലത്തായി മലയാള സിനിമാ ലോകത്ത് സജീവ ചര്‍ച്ചയായ വിഷയമാണ് തുല്യവേതനം. സ്റ്റാര്‍വാല്യുവിനനുസരിച്ചേ പ്രതിഫലം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന ന്യായീകരണമാണ് സിനിമാ മേഖലയിലെ പ്രമുഖര്‍ പറയുന്നതെങ്കിലും ന്യായമായ വേതനം പോലും നല്‍കുന്നില്ലെന്ന് പറയുകയാണ് നടി പത്മപ്രിയ. ന്യായമായ വേതനം ചോദിക്കുമ്പോള്‍ ബാന്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണെന്നും സൗത്ത്റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞു.

‘ഫെയര്‍ പ്രൈസ് കിട്ടണം. അത് മനസിലാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. 2005 കാലത്താണ് ഞാന്‍ സിനിമയില്‍ വരുന്നത്. വടക്കുംനാഥന്‍ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് കാഴ്ച, അമൃതം അങ്ങനെ കുറെ ഹിറ്റുകള്‍ കഴിഞ്ഞ് നിക്കുന്ന സമയമാണ്. ആ സമയം മീര ജാസ്മിനുമുണ്ടായിരുന്നു. അവരും വാണിജ്യപരമായി വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു. ആര്‍ട്ടിസ്റ്റിക്കലിയും അവരുടെ വര്‍ക്കുകള്‍ നല്ലതാണ്. പ്രതിഫലം കൂട്ടിച്ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാന്‍ നേരിടേണ്ടി വന്നു. അത് വളരെ ചെറിയ എമൗണ്ടായിരുന്നു.

ആ സമയത്ത് ഇവിടെ ആര്‍ക്കും അറിയാത്ത ഒരു കുട്ടി ബോംബെയില്‍ നിന്നും വന്നു, കത്രീന കൈഫ്. അവര്‍ വന്ന് ഒരു മലയാളം സിനിമ ചെയ്തു. കത്രീന അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ല. അല്ലെങ്കില്‍ ഒന്നും റിലീസ് ചെയ്തിട്ടില്ല. ഒരു ആഡ് മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. മീരക്ക് ലഭിച്ചിരുന്നതിന്റെ ഇരട്ടി പ്രതിഫലമാണ് അവര്‍ക്ക് കൊടുത്തത്.

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് എതിരെ വെക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കില്‍ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവര്‍ അര്‍ഹതപ്പെട്ട വേതനം നല്‍കാന്‍ തയാറാവുന്നില്ല. അത് ചോദിക്കുകയാണെങ്കില്‍ ഞങ്ങളെ ബാന്‍ ചെയ്യും. അല്ലെങ്കില്‍ ഞങ്ങളെ ഒഴിവാക്കി പുതിയ ഒരു ആളെ എടുത്ത് അവര്‍ക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാല്‍ ഒരു ഫീമെയ്ല്‍ ആക്ടറില്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല,’ പത്മ പ്രിയ പറഞ്ഞു.

ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ലു കേസാണ് ഒടുവില്‍ പുറത്തിറങ്ങിയ പത്മ പ്രിയയുടെ ചിത്രം. പത്മ പ്രിയയെ കൂടാതെ ബിജു മേനോന്‍, റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തിയത്. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി. ആര്‍. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്.

Content Highlight: Padmapriya said that malayalam actresses faces Ban when asks for fair wage