| Monday, 9th July 2018, 9:26 pm

നടിമാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്; മോഹന്‍ലാലിനെ തള്ളി പത്മപ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എ.എം.എം.എയില്‍ നിന്നും രാജിവെച്ചവരില്‍ രണ്ട് പേര്‍ മാത്രമാണ് രാജിക്കത്ത് നല്‍കിയതെന്ന എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്ന് പത്മപ്രിയ പറഞ്ഞു. ഇ – മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു.

എ.എം.എം.എ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. എ.എം.എം.എ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ വ്യക്തമാക്കി.


Read Also : ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍


ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നും എ.എം.എം.എയില്‍ ജനാധിപത്യമില്ലെന്നും പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എ.എം.എം.എയില്‍ നിന്ന് രാജിവെച്ച രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളെന്നും ഇവര്‍ തിരിച്ച് വരികയാണെങ്കില്‍ തിരിച്ച് എടുക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എറണാകുളത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. എ.എം.എം.എയില്‍ നിന്ന് രാജിവെച്ചതായി രണ്ട് പേര്‍ മാത്രമേ കത്ത് നല്‍കിയിട്ടുള്ളു. ഭാവനയും രമ്യാ നമ്പീശനുമാണത്. മറ്റാരും തന്നെ രാജി വെച്ചുകൊണ്ട് കത്ത് തന്നിട്ടില്ല. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

എ.എം.എം.എയില്‍ ജനാധിപത്യമുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും പാര്‍വ്വതി എന്തുകൊണ്ട്  സന്നദ്ധത അറിയിച്ചില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇപ്പോഴും ഭാരവാഹിത്വത്തിലേക്ക് പാര്‍വതി വരാന്‍ തയ്യാറായാല്‍ സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സത്യമല്ലെന്നാണ് പത്മപ്രിയ പറയുന്നത്.

We use cookies to give you the best possible experience. Learn more