| Wednesday, 3rd January 2018, 7:50 am

നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ കളക്ടീവ് നിലവില്‍ വന്നത്; ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകളെന്നും പത്മപ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് കൂട്ടായ്മ നിലവില്‍ വന്നതെന്നും നടി പത്മപ്രിയ.

തിരുവനന്തപുരത്ത് നടക്കുന്ന സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ അമ്പത് ശതമാനം വിജയിച്ചപ്പോള്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നുണ്ട്. ഹോളിവുഡില്‍ സ്ത്രീകളുടെ കൂട്ടായ്മ നേരത്തെ തന്നെ ആരംഭിച്ചതാണ്. സ്ത്രീകള്‍ക്ക് നേരയുണ്ടാകുന്ന ലൈംഗീകാതിക്രമം സിനിമാ രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ലെന്നും സിനിമയിലെ നിലിവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവില്‍ വന്നതെന്നും പത്മപ്രിയ പറഞ്ഞു.

ഞങ്ങള്‍ 19 ശക്തരായ വനിതകള്‍ കൂട്ടായ്മയിലുണ്ട്. സുപ്രിംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഉണ്ട്. ഇത് അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കൊന്നും എതിരല്ല. തുല്യവേദിയും തുല്യ അവസരവുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. പത്മപ്രിയ വ്യക്തമാക്കി.

ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകള്‍. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ തങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കുമെന്നും നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരസ്പരവും കൂട്ടായും പങ്കുവയ്ക്കാനും അത് പരിഹരിക്കാനും ശ്രമിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more