തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ സാധിക്കയുള്ളൂവെന്നും ഭരണസമിതി ഭാരവാഹികള്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ ആണ് കോടതിയില്‍ ക്ഷേത്രം നടത്തിപ്പ് സംബന്ധിച്ച പ്രതിസന്ധികള്‍ ബോധിപ്പിച്ചത്. ജീവനക്കാരുടെ ശമ്പളമടക്കം മാസം 1.25 കോടി രൂപ ക്ഷേത്രത്തിന് ചെലവുണ്ടെന്നും എന്നാല്‍ 50 മുതല്‍ 60 ലക്ഷം രൂപ വരെ മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തിന് മാസവരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിന്റെ പേരില്‍ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും മറ്റ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമുള്ള പണം കൊണ്ടാണ് ഇപ്പോള്‍ ചെലവുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത് ഉടന്‍ തീരുമെന്നും അതിനാല്‍ അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 18(1) വകുപ്പ് പ്രകാരം പ്രതിവര്‍ഷം ആറു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പത്തിന് അനുസൃതമായി ഈ തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് കൃഷ്ണകുമാര്‍ സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റും സഹായിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കൂയെന്നും ഭരണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.