Kerala News
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതരമതസ്ഥര്‍ പ്രവേശിച്ചെന്ന് സംശയം; തന്ത്രി നട അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 12, 03:02 am
Monday, 12th November 2018, 8:32 am

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതര മതസ്ഥര്‍ പ്രവേശിച്ചെന്നാരോപിച്ച് തന്ത്രി നട അടച്ചു. അചാരലംഘനം നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടയടച്ചതെന്ന് തന്ത്രി പറഞ്ഞു. ശുദ്ധിക്രിയയ്ക്ക് വേണ്ടി തന്ത്രി തരണനെല്ലൂര്‍ നമ്പൂതിരിയാണ് നട അടച്ചത്.

ഇതോടെ അല്‍പശി ഉല്‍ത്സവത്തോടനുബന്ധിച്ച പൂജകള്‍ നിര്‍ത്തിവച്ചു. ഒമ്പതിന് ആചാരലംഘനം നടത്തിയതായാണ് ആരോപണം. അന്ന് മുതലുള്ള പൂജകളുടെ പരിഹാര ക്രിയകളാണ് നടന്നുവരുന്നത്.

Read Also : കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍; ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് തുടങ്ങി

സി.സി.ടി.വി ദൃശ്യങ്ങളിലാണ് അന്യ മതസ്ഥരുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണത്തോടെ ചിലര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതായി കണ്ടത്. ദൃശ്യം പരിശോധിച്ച തന്ത്രി ശുദ്ധിക്രിയ വേണമെന്നും, ആചാരം ലംഘിക്കപ്പെട്ടു എന്നും പറയുകയായിരുന്നു. അതോടെ ഉത്സവ ശീവേലിയും, അല്‍പശി ചടങ്ങുകളും നിര്‍ത്തിവച്ചു.

ശുദ്ധിക്രിയകള്‍ക്ക് ശേഷം അല്‍പശി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ മണ്ണുനീര്‍ കോരല്‍, നുളപൂജ തുടങ്ങിയവ ഞായറാഴ്ച്ച വീണ്ടും ആരംഭിച്ചു. തുചര്‍ന്നുള്ള ചടങ്ങ് ഇന്ന് ആരംഭിക്കും. സംഭവത്തില്‍ സുരക്ഷാ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രസ്റ്റ് എക്സിക്യൂട്ടീവ് യോഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.