ചിത്രം:പാഡ്മാന്‍
സംവിധാനം:ആര്‍.ബല്‍കി
നിര്‍മ്മാണം:ട്വിങ്കിള്‍ ഖന്ന
സംഗീതം:അമിത് ത്രിവേദി
പൊതു ഇടങ്ങളിലും വീടിന്റെ നടുത്തളത്ത് പോലും ഇന്നും പറയാന്‍ മടിക്കുന്ന വാക്കാണ് ആര്‍ത്തവം. “ഈ നാണക്കേടില്‍” നിന്നും രക്ഷപ്പെടാന്‍ സ്ത്രീകള്‍ കാലങ്ങളായി വീടനകത്ത് അടച്ചിരിക്കുകയും മറ്റിടങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ത്തവും ആര്‍ത്തവ കാലത്തെ ആരോഗ്യ സംരക്ഷണവും മുഖ്യ വിഷയമാക്കി കൊണ്ട് പാഡ്മാന്‍ എന്ന ചിത്രം വരുന്നത്.
ചുരുങ്ങിയ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍ കണ്ടുപിടിച്ച അരുണാചലം മുരുകാനന്ദം എന്നയാളുടെ ജീവിതകഥയാണ് പാഡ്മാന്‍ പറയുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുഖ്യ അജണ്ടയായി കണ്ട് അതിന് വേണ്ടി ജീവിതം മാറ്റിവെച്ച പുരുഷന്റെ കഥയാണിത്. പൊതുവെ സ്ത്രീപക്ഷം എന്നൊന്ന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ബോളിവുഡില്‍ നിന്നും അങ്ങനൊരു ചിത്രം എത്തുന്നു എന്നതു തെന്ന ചിത്രം കാണാനുള്ള കാരണമാണ്.
അക്ഷയ്കുമാര്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയുമൊക്കെ പരീക്ഷിച്ച് മതിയായി ഇപ്പോള്‍ സാമൂഹിക സന്ദേശങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് അക്ഷയ്കുമാറിന്റെ വഴി. ഈ വഴി മാറിയുള്ള നടത്തം അക്ഷയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ കുറച്ച് ചിത്രങ്ങള്‍ നല്‍കിയ വിജയങ്ങള്‍ സൂചിപ്പിക്കുന്നതും. അതൊക്കെ അവിടെ നിക്കട്ടെ, ചിത്രത്തിലേക്ക് കടക്കാം.
തന്റെ ഭാര്യയ്ക്ക് ആര്‍ത്തവകാലത്ത് ഉപയോഗിക്കാനായി സാനിറ്ററി നാപ്കിന്‍ വാങ്ങുന്നതു മുതലാണ് ലക്ഷ്മീകാന്തിന്റെ ജീവിതം മാറുന്നത്. ഭാര്യയടക്കം നാലു സ്ത്രീകളുള്ള വീട്ടിലെ ഏക പുരുഷാംഗമാണ് നായകന്‍. നേരത്തെ തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ലക്ഷ്മി തന്റെ ഭാര്യ ആര്‍ത്തവ കാലത്ത് വൃത്തിഹീനമായ തുണിയുപയോഗിക്കുന്നത് കാണുന്നു. തുടര്‍ന്ന് അവള്‍ക്കായി സാനിറ്ററി നാപ്കിന്‍ വാങ്ങിയെത്തിയ ലക്ഷ്മിയ്ക്ക് പക്ഷെ ഭാര്യയുടെ നന്ദി വാക്കുകളല്ല പകരം വഴക്കായിരുന്നു.
ഇതൊന്നും പുരുഷന്മാര്‍ ശ്രദ്ധിക്കാന്‍ പാടില്ലെന്നും സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ വേദനയെന്നുമായിരുന്നു ഭാര്യയുടെ മറുപടി. സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ 55 രൂപ മുടക്കേണ്ടതില്ലെന്നും അതുകൊണ്ട് വീട്ടിലെ ചെലവ് നടത്താമെന്നും അവള്‍ പറയുന്നു. ഇതോടെ സാനിറ്ററി നാപ്കിന് സ്ത്രീയ്ക്ക് ആര്‍ത്തവ കാലത്ത് ഉപകാരപ്രദമാണെങ്കിലും അത് വാങ്ങാന്‍ വില അനുമതിക്കുന്നില്ലെന്നും ലക്ഷ്മി മനസിലാക്കുന്നു. പിന്നീട് തന്റെ ഭാര്യയ്ക്ക് സ്വയം സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ അയാള്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ലക്ഷ്മിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രം.
ഭാര്യയ്ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാനുള്ള സാനിറ്ററി നാപ്കിനുകള്‍ സ്വയം നിര്‍മ്മിക്കാനുള്ള ലക്ഷ്മിയുടെ ശ്രമങ്ങള്‍ അയാള്‍ക്ക് പല തരത്തിലുള്ള പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ആര്‍ത്തവത്തെ പാപവും നാണക്കേടുമായി കാണുന്ന, ഇന്നും കാണുന്ന, സമൂഹവും ആളുകളുടെ പരിഹാസവും അപമാനവുമെല്ലാം അതിലുള്‍പ്പെടും. മന്ത്രവാദിയാണെന്നു വരെ മുദ്രകുത്തപ്പെടും. ഒടുവില്‍ നാടു വിടാന്‍ ലക്ഷ്മി തീരുമാനിക്കുന്നതോടെയാണ് കഥ മാറുന്നത്.
ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരമായതിനാല്‍ തന്നെ ആദ്യ പകുതിയിലധികവും അരുണാചലത്തിന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രം. എന്നാല്‍ ആര്‍ത്തവം അശുദ്ധമാണെന്നും പാപമാണെന്നും വിശ്വസിച്ചു പോരുന്നതാണ് നമ്മുടെ സമൂഹമെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയാന്‍ ശ്രമിക്കുന്നത് ആദ്യ പകുതിയെ അല്‍പ്പം വലിച്ചു നീട്ടുന്നുണ്ട്. നില നില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ, ആദ്യ സീനുകളില്‍ തന്നെ പറഞ്ഞ് സ്ഥാപിച്ചെടുക്കുകയും ചെയ്ത, പ്രേക്ഷകനെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ലാഗ് തോന്നുന്നതിന് കാരണം. രണ്ടാം പകുതിയില്‍ റിയലിസ്റ്റിക്കില്‍ നിന്നും വിട്ട് അല്‍പ്പം സിനിമാറ്റിക് ആവുകയും ചെയ്യുന്നുണ്ട് ചിത്രം.
ദക്ഷിണേന്ത്യക്കാരനായ ദ്രാവിഡനായ അരുണാചലത്തിന്റെ ജീവിതം ബോളിവുഡ് സിനിമയാകുമ്പോള്‍ അക്ഷയ്കുമാറിന്റെ ലക്ഷ്മീകാന്ത് ചൗഹനാണ്. ചിത്രം മുന്നോട്ട് വെക്കുന്ന ആശയത്തിനോ കഥയ്‌ക്കോ പ്രത്യേകിച്ച് യാതൊരു ആവശ്യവുമില്ലാത്ത ആ പറച്ചു നടീല്‍ ഇന്നും നായകന്‍ “ഉന്നതകുലജാതനായേ തീരു” എന്ന നിര്‍ബദ്ധമാണ്. നായകന്‍, പ്രത്യേകിച്ചും അവന്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നവനും അംഗീകരിക്കപ്പെടുന്നവുമാണെങ്കില്‍ വെളുത്തവനും ഉയര്‍ന്ന ജാതിയില്‍ പെട്ടവനുമായിരിക്കണമെന്ന കാലങ്ങളായി സിനിമയില്‍ ( മറ്റിടങ്ങളിലും) ബോധ്യത്തിന്റെ ഉത്തമ ഉദാഹരണം.
ആര്‍ത്തവം പോലെ സ്ത്രീപക്ഷ ചര്‍ച്ചകള്‍ നടക്കുന്ന വിഷയം അവതരിപ്പിക്കുമ്പോള്‍ “സ്ത്രീയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാണ് എങ്ങനെ ആണാകും” എന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ അതിന്റെ ഉദ്ദേശ ശുദ്ധിയ്ക്ക് കളങ്കമാണ്. പക്ഷെ ഇന്ത്യയാണ് പശ്ചാത്തലമെന്നും ഇവിടുത്തെ ഘോഷിക്കപ്പെടുന്ന സ്ത്രീപക്ഷ ചിന്തയ്ക്ക് ഒരതിരുണ്ടെന്നും വേണമെങ്കില്‍ പറഞ്ഞ് കൈയ്യൊഴിയാം.
ഈ പോരായ്മകള്‍ നില നില്‍ക്കുമ്പോളും സിനിമ എന്ന നിലയിലുള്ള ക്വാളിറ്റി പാഡ്മാനുണ്ട്. ആര്‍ ബല്‍ക്കിയെന്ന സംവിധായകന്റെ മികവാണ് പോരായ്മകളെ കൃത്യമായി മറച്ച് വെക്കുന്നത്. അക്ഷയ് കുമാറിന്റെ പ്രകടനത്തിന്റെ കരുത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. സംഭാഷത്തില്‍ ഇടയ്ക്കിടെ വന്നു പോകുന്ന, പ്രത്യേകിച്ചും അരുണാചലത്തെ പ്രശസ്തനാക്കിയ പ്രസംഗ സീനില്‍, ഇംഗ്ലീഷ് ശൈലിയൊഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ അഭിനയം പൂര്‍ണ്ണമായും കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നുണ്ട്. ലക്ഷ്മിയുടെ ഭാര്യ, സാവിത്രിയായി എത്തുന്നത് രാധിക ആപ്‌തെയാണ്. ടിപ്പിക്കല്‍ ഇന്ത്യന്‍ ഗ്രാമീണ ഭാര്യയാകാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീപക്ഷ കഥയിലെ സ്ത്രീവിരുദ്ധ സമൂഹത്തിലെ സ്ത്രീയായി രാധിക മാറുന്നു.
രണ്ടാം പകുതിയിലെത്തുന്ന കഥാപാത്രമാണ് സോനം കപൂറിന്റേത്. ചിത്രത്തിന് അത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ അയവു വരുത്താനും അല്‍പ്പം ബോളിവുഡ് എലമെന്റ് ചേര്‍ക്കാനുമാണ് സോനത്തിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ വലിയ സഹായകരമാക്കുകയും ചെയ്യുന്നു. ആകെ മൊത്തം, ചിലപ്പോഴൊക്കെ സന്ദേശത്തിന് അത് പറയാനുപയോഗിക്കുന്ന മാര്‍ഗ്ഗത്തേക്കാള്‍ കയ്യടി ആവശ്യമാണെന്ന് പറഞ്ഞ് വെക്കുന്ന ചിത്രമാണ് പാഡ്മാന്‍.