[]കോട്ടയം: താഴത്തങ്ങാടി പാലത്തിന്റെ തൂണ്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് തറയില്‍ കുടില്‍ കെട്ടി താമസിക്കുന്ന ജോമോന്‍-ഉഷ ദമ്പതികളുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. കുമാരനല്ലൂര്‍ സ്വദേശി കൂടിയായ തിരക്കഥാകൃത്ത് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്.
പാലത്തിനു കീഴില്‍ അഭയം തേടിയിരിക്കുന്ന ഒരു കൊച്ചു കുടുംബവും സ്വന്തമായി വീട് എന്ന പ്രാഥമിക ആവശ്യത്തെയും ഇതുവരെയുള്ള അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. “ജലം” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി താഴത്തങ്ങാടി പാലത്തിന്റെ തൂണിനുസമീപം മറകെട്ടി താമസിച്ചു വരുകയാണ് ജോമോനും ഭാര്യ ഉഷയും ഇവരുടെ നാലു കുഞ്ഞുമക്കളും. പായയും തുണിയും ഒക്കെ ഉപയോഗിച്ചു മറച്ചതാണ് ഇവരുടെ കൊച്ചുവീട്. ജോയിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. തുടര്‍ന്നു ജോസ് കെ. മാണി എം.പി ഇടപെട്ട് ഇവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനമെടുത്തു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു.
തലചായ്ക്കാനൊരു കൂരയില്ലാതെ നിരവധിയാളുകളാണ് ഇത്തരത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളിലുമുള്ളതെന്ന് സുരേഷ് ബാബു പറഞ്ഞു. ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും മനസില്‍ ഈ ചിന്ത കൊണ്ടുവരാനും സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുവാനുമാണ് ഇവരുടെ കഥ സിനിമയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മകുമാര്‍, സുരേഷ് ബാബു കൂട്ടുകെട്ടില്‍ പിറന്ന “ശിക്കാര്‍” ലെ വില്ലനായിരുന്ന ജെയിന്‍ സിറിയക്കാണ് “ജലം” ത്തിലെ നായകന്‍. പ്രിയങ്ക നായരാണ് നായിക.
സിനിമയുടെ ഷൂട്ടിങ് വ്യാഴാഴ്ച മുതല്‍ ആലുവയിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും. കഴിഞ്ഞദിവസം സിനിമയുടെ യഥാര്‍ഥ ലൊക്കേഷനായ താഴത്തങ്ങാടി പാലത്തിനുസമീപം കഥാനായിക കൂടിയായ ജോമോന്റെ ഭാര്യ ഉഷ സിനിമയുടെ സിച്ച് ഓണ്‍ കര്‍മം നടത്തി.
ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലംപിള്ളിയാണ്. ടി.ഡി ആന്‍ഡ്രൂസും എം. പത്മകുമാറും ചേര്‍ന്നാണ് നിര്‍മാണം.
സിനിമയാകുന്നതിന്റെ ത്രില്ലിലാണ് ജോമോനും കുടുംബവും. “ജലം” പുറത്തിറങ്ങുന്നതോടെ തങ്ങളുടെ നിലവിലെ അവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.