| Saturday, 23rd October 2021, 11:32 am

പിണറായിയെ വിട്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചെറിയാന്‍ പറഞ്ഞു, മടങ്ങിവരവ് ഏറ്റവും ആഗ്രഹിച്ചത് അച്ഛന്‍; കുറിപ്പുമായി പത്മജ വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം ബന്ധം അവസാനിപ്പിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പുമായി കെ. കരുണാകരനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചുള്ള കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് തന്റെ അച്ഛനായിരുന്നെന്നും മരിക്കുന്നതിനു തൊട്ട് മുന്‍പും അച്ഛന്‍ ചെറിയനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നുമാണ് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് പിണാറായി വിജയനെ വിട്ടു വരാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നെന്നും തന്റെ മകനെപ്പോലെയാണ് അച്ഛന്‍ ചെറിയാന്‍ ഫിലിപ്പിനെ കണ്ടിരുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി വിട്ടുപോകുന്ന അന്ന് രാവിലെ വരെ എന്നും രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ അച്ഛന്റെ അടുത്ത് ചെറിയാന്‍ എത്തുമായിരുന്നു. വരാന്‍ വൈകിയാല്‍ വരുന്നത് വരെ കാത്തിരിക്കും. പാര്‍ട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാന്‍ വന്നു. രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാല്‍ എന്നേക്കാള്‍ മുന്‍പ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തും.

താന്‍ ഏറ്റവും അധികം വേദനിച്ചത് മുരളിയേട്ടനും ചെറിയാനും തമ്മില്‍ മത്സരിച്ചപ്പോള്‍ ആയിരുന്നെന്നും അതുകാണാന്‍ അച്ഛന്‍ ഇല്ലാതിരുന്നതു നന്നായി എന്ന് തോന്നിയിരുന്നെന്നും എതു പാര്‍ട്ടിയില്‍ ആയിരുന്നാലും ഒരു ആത്മബന്ധം ചെറിയാനുമായി എന്നും ഉണ്ടായിരുന്നെന്നുമാണ് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രശസ്തമായ നെതര്‍ലാന്‍ഡ് മാതൃകയേയും ചെറിയാന്‍ തള്ളിപ്പറഞ്ഞിരുന്നു. 2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലാന്‍ഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. എന്നിട്ടും തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിന് പിന്നാലെ അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നായിരുന്നു ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Padmaja Venugopal Facebook post About Cheriyan Philip

We use cookies to give you the best possible experience. Learn more