തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിമറി നടന്നു; വടകരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്നും പത്മജ വേണുഗോപാല്‍
D' Election 2019
തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിമറി നടന്നു; വടകരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്നും പത്മജ വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 5:58 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിമറി നടന്നതായി സംശയമുണ്ടെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തെരഞ്ഞെടുപ്പ് ഫലത്തിലാണ് അവര്‍ സംശയം പ്രകടിപ്പിച്ചത്. 24 ന്യൂസിനോടായിരുന്നു പത്മജയുടെ പ്രതികരണം.

‘മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഞങ്ങള്‍ ഭരണത്തിലുണ്ട്. ഇക്കാലയളവില്‍ ഒരു മാധ്യമങ്ങളും അവിടെ തിരിച്ചടിയുണ്ടാവുമെന്നു പറഞ്ഞിട്ടില്ല. മാത്രമല്ല, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ടുള്ള പല കാര്യങ്ങളും അവിടെ കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ആകെ ഭരണവിരുദ്ധ വികാരം ഉണ്ടെന്നു പറഞ്ഞത് എക്‌സിറ്റ് പോളാണ്. എക്‌സിറ്റ് പോളില്‍ പറഞ്ഞ സീറ്റുകളില്‍ ഒരു സീറ്റ് പോലും മാറാതെയാണു ഫലം പുറത്തുവന്നത്. അതെങ്ങനെയാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്തൊക്കെയാണ് ഇതിനിടയില്‍ നടന്ന തിരിമറികള്‍ എന്ന കാര്യം അറിയില്ല.’- അവര്‍ പറഞ്ഞു.

തന്റെ സഹോദരന്‍ കെ. മുരളീധരന്‍ വടകരയില്‍ ജയിച്ചതില്‍ അത്ഭുതം തോന്നുന്നില്ലെന്നും നേരത്തേതന്നെ ഇക്കാര്യം ബോധ്യമായതാണെന്നും പത്മജ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും എതിരായ ജനവിധിയാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കുറഞ്ഞത് 25,000 വോട്ടിനു ജയിക്കുമെന്നായിരുന്നു തന്റെ സഹോദരന്‍ മുരളീധരന്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നു തനിക്കു നേരത്തേ തോന്നിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 84942 വോട്ടിന്റെ ഭൂരിപക്ഷമാണ് മുരളീധരനുള്ളത്.

കഴിഞ്ഞ നവംബറിലാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കഴിഞ്ഞ 15 വര്‍ഷമായുള്ള ബി.ജെ.പി ഭരണകൂടത്തെ താഴെയിറക്കിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. അധികാരത്തിലേറിയ ഉടന്‍തന്നെ നേരത്തേ വാഗ്ദാനം ചെയ്തപോലെ മൂന്നു സംസ്ഥാനങ്ങളിലും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്തു.

നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കറും രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.