തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച കെ. മുരളീധരനെതിരെ രംഗത്തെത്തിയ ജോസഫ് വാഴക്കന് മറുപടിയുമായി പദ്മജ വേണുഗോപാല്‍.
വീടായാല്‍ ഇണക്കവും പിണക്കവും കാണുമെന്നും അത് ഞങ്ങളുടെ വീടായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതു മാത്രമാണെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പില്‍ കുറിക്കുന്നു.
വിമര്‍ശിക്കുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിലും മോശമാകുമെന്നും ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കരുതെന്നും പദ്മജ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
രണ്ടു ദിവസമായി ചാനല്‍ ചര്‍ച്ചകളില്‍ മുരളിയേട്ടനെ പറ്റി പലരും വിമര്‍ശിച്ചു കണ്ടു .അതിനുള്ള മറുപടി അല്ല ഇത്. പക്ഷെ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതില്‍ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല.
ഒരു വീടാകുമ്പോള്‍ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതല്‍ ശ്രദ്ധ കിട്ടി എന്ന് മാത്രം.ഒരു കാര്യം ഞാന്‍ പറയാം.ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അത് അവര്‍ക്കു ബുദ്ധിമുട്ടാകും.
ദയവു ചെയ്തു അത് പറയിപ്പിക്കരുത്. എന്തായാലും ഈ ആളുകള്‍ വേദനിപ്പിച്ചതിന്റെ പകുതി മുരളിയേട്ടന്‍ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെയെന്നും പദ്മജ വേണുഗോപാല്‍ ചോദിക്കുന്നു.
തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു വിഷയത്തില്‍ കെ.മുരളീധരന്റെ പ്രതികരണം. അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് തന്നെ പറയും. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കരുണാകരനെ എറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനാണെന്നും ആ കഥകള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ജോസഫ് വാഴക്കന്‍ പറഞ്ഞത്.
വിവാദമുണ്ടാക്കി മറ്റുള്ളവരെ കുത്താനുള്ള ശ്രമമാണ് മുരളീധരന്റെതെന്നും, താന്‍പ്രമാണിയാകാനാണ് മുരളീധരന്‍ ശ്രമിക്കുന്നതെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്നും കരുണാകരന്‍ നയിച്ച ഭാഗത്ത് തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും മുരളീധരന്‍ പറയുന്നു. കരുണാകരനെ ദ്രോഹിച്ചവര്‍ പലരും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ തന്നെയായിരുന്നെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തുടര്‍ന്നായിരുന്നു ജോസഫ് വാഴക്കന്‍ പ്രതികരിച്ചത്.