| Saturday, 9th March 2024, 3:35 pm

വടകരയിലെ ജനങ്ങളെ പറ്റിച്ചത് പോലെ മുരളീധരന്‍ തൃശൂരുകാരെയും പറ്റിക്കും; പത്മജ വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനപുരം: തൃശൂരില്‍ ജയിച്ചാല്‍ മുരളീധരന്‍ തൃശൂരിലെ ജനങ്ങളെ പറ്റിക്കുമെന്ന് പത്മജ വേണുഗോപാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.

കെ. മുരളീധരന്‍ വടകരയിലെ ജനങ്ങളെ പറ്റിച്ചത് പോലെ തൃശൂരിലെ ജനങ്ങളെയും പറ്റിക്കുമെന്ന് പത്മജ പറഞ്ഞു. മന്ത്രി സ്ഥാനം പ്രതീക്ഷിച്ചാണ് മുരളീധരന്‍ വടകരയില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പത്മജ കുറ്റപ്പെടുത്തി.

‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുെമന്ന വിശ്വാസത്തിലാണ് വടകരയിൽ മത്സരിക്കാന്‍ മുരളീധരൻ തയ്യാറായത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ മന്ത്രി സ്ഥാനം കിട്ടുമെന്ന് കരുതിയാണ് വട്ടിയൂര്‍കാവില്‍ നിന്ന് ഓടി വടകരയിലേക്ക് വന്നത്. തൃശൂരില്‍ ജയിച്ചാലും മുരളീധരന്‍ അവിടെ നിക്കാന്‍ പോകുന്നില്ല. വടകരയിലേയും വട്ടിയൂര്‍കാവിലെയും വോട്ടര്‍മാരെ പറ്റിച്ചത് പോലെ തൃശൂരിലെ ജനങ്ങളെയും പറ്റിക്കും’, പത്മജ പറഞ്ഞു.

രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കലര്‍ത്തരുതെന്ന് അദ്ദേഹം പഠിക്കണമെന്നും പത്മജ പറഞ്ഞു. മുരളീധരനെ വളരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കില്ല. ഞാന്‍ മാറി നിന്ന് പഠിക്കുന്നത് കൊണ്ട് എനിക്ക് ഇതിനെ പറ്റിയെല്ലാം മനസ്സിലാകും. കുറച്ച് ദിവസം കഴിഞ്ഞാല്‍ പറഞ്ഞതൊന്നും ലഭിക്കാതാകുമ്പോള്‍ മുരളീധരന്‍ തന്നെ കോണ്‍ഗ്രസുകാരെ ചീത്ത വിളിക്കുമെന്നും പത്മജ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന് വേണ്ടി വടകരയില്‍ പ്രചരണത്തിന് പോയതാണ് തൃശൂരില്‍ ടി.എന്‍. പ്രതാപന്‍ തനിക്കെതിരാകാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും പത്മജ വ്യക്തമാക്കി.

അതിനിടെ, പത്മജയെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നില്‍ ഒരു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ തനിക്ക് ഒരു പേടിയുമില്ലെന്ന് മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. നേമത്ത് പരാജയപ്പെട്ടതില്‍ പിന്നെ ബി.ജെ.പിക്ക് തന്നോട് പകയാണെന്നും അതിനാലാണ് പെങ്ങളെ അവര്‍ ബി.ജെ.പിയിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ബെഹ്‌റക്കെതിരായ ആരോപണങ്ങള്‍ പത്മജ നിഷേധിച്ചു. ബെഹ്‌റയെ നേരില്‍ കണ്ടിട്ട് ഒരു വര്‍ഷത്തോളമായെന്നും ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം സ്വന്തമായി എടുത്തതാണെന്നും പത്മജ പറഞ്ഞു.

Content Highlight: padmaja venugopal against k muralidharan

We use cookies to give you the best possible experience. Learn more