| Wednesday, 24th January 2018, 3:59 pm

രജപുതിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നും പത്മാവതിലില്ല; എല്ലാം പി.ആര്‍ വര്‍ക്ക്: പ്രത്യേക സ്‌ക്രീനിങ്ങിന് പിന്നാലെ സിനിമയെ കുറിച്ച് ഇര്‍ഫാന്‍ ഹബീബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സജ്ഞയ് ലീലാ ബന്‍സാലിയുടെ ചിത്രമായ പത്മാവതിനെതിരെ നടക്കുന്ന പ്രതിഷേധമെല്ലാം പി.ആര്‍ വര്‍ക്കാണെന്ന ആരോപണവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. സിനിമയെ സഹായിക്കാനായി നടത്തുന്ന പി.ആര്‍ വര്‍ക്കുകളാണ് ഇതെല്ലാമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് ദല്‍ഹിയില്‍ നടത്തിയതിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തിയത്.

കഴിഞ്ഞ കുറേമാസങ്ങളായി ചിലര്‍ ആരോപിക്കുന്നതുപോലെ ഒന്നും സിനിമയില്‍ ഇല്ല. രജപുതിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു വാക്ക് പോലും സിനിമയില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. – ഇര്‍ഫാന്‍ ഹബീബ് പറയുന്നു.

സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധം യഥാര്‍ത്ഥത്തില്‍ സിനിമയെ സഹായിക്കാനാണോ എന്ന ചോദ്യത്തിന് എല്ലാം പി.ആര്‍ വര്‍ക്കുകള്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കര്‍ണിസേന പ്രവര്‍ത്തകരെ പോലും വിലയ്‌ക്കെടുത്ത് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറയുന്നു.

സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ അണിയറക്കാര്‍ ദല്‍ഹിയില്‍ നടത്തിയ പ്രത്യേക സ്‌ക്രീനിങ്ങിലേക്ക് ചില മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ക്ഷണിച്ചിരുന്നു.

അതിനിടെ പദ്മാവതിന്റെ റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. റിലീസിനു നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റിലീസ് തടയാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചത്.

ക്രമസമാധാനപ്രശ്‌ന സാധ്യത മുന്നില്‍ക്കണ്ട് വിവാദചിത്രങ്ങളുടെ പ്രദര്‍ശനം തടയാന്‍ സിനിമാ നിയമത്തിലെ ആറാംവകുപ്പ് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്ന് ഇരുസംസ്ഥാനങ്ങളും വാദിച്ചു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടയുന്ന ഘട്ടത്തിലേക്ക് കടക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും ആവര്‍ത്തിക്കുകയായിരുന്നു.

എവിടെയെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് പ്രദര്‍ശനം തടയാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കുഴപ്പങ്ങളുണ്ടാകുമെന്ന മുന്‍ധാരണയിലാണ് നിങ്ങളെന്നു വിമര്‍ശിച്ച കോടതി, തങ്ങളുടെ ഉത്തരവ് ആദ്യം നടപ്പാക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും പറയുകയായിരുന്നു.

We use cookies to give you the best possible experience. Learn more