'പദ്മാവത് കാല്‍വെച്ച തട്ട് താഴില്ല'; വിവാദങ്ങള്‍ക്കിടയിലും പദ്മാവതിയുടെ കളക്ഷന്‍ 200 കോടിയിലേക്ക്
Bollywood
'പദ്മാവത് കാല്‍വെച്ച തട്ട് താഴില്ല'; വിവാദങ്ങള്‍ക്കിടയിലും പദ്മാവതിയുടെ കളക്ഷന്‍ 200 കോടിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2018, 5:48 pm

മുംബൈ: വിവാദങ്ങള്‍ കുറെയധികം കേള്‍ക്കേണ്ടി വന്നെങ്കിലും പദ്മാവത് വച്ച തട്ട് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ബോക്‌സോഫീസ് തകര്‍ത്തു മുന്നേറുന്ന ചിത്രം ഒരാഴ്ച കൊണ്ടു മാത്രം വാരിയെടുത്തത് 100 കോടി രൂപയാണ്.

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ, ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെ, ആമീര്‍ഖാന്‍ ഹിറ്റ് ചിത്രമായ ദംഗല്‍ തുടങ്ങിയവയുടെ റെക്കോര്‍ഡ് മറികടക്കും പദ്മാവത് എന്നാണ് കരുതുന്നത്. ബോക്‌സോഫീസ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം ചിത്രം കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഓസ്ട്രലിയയില്‍ മാത്രം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവിശ്വസനീയമെന്നാണ് ന്യൂസീലാന്റില്‍ നിന്നുള്ള ചിത്രത്തിന്റെ റെക്കോര്‍ഡ് വിവരങ്ങള്‍ പരിശോധിച്ച ശേഷം ട്രേഡ് അനലിസ്റ്റ് ആയ തരന്‍ ആദര്‍ശ് അഭിപ്രായപ്പെട്ടത്. ഇക്കണക്കിനു പോയാല്‍ ധൂം ത്രീ യുടെ ബോക്‌സോഫീസ് റെക്കോര്‍ഡുകളും പദ്മാവത് തകര്‍ക്കുമെന്നാണ് കണക്കാക്കുന്നത്.

കാനഡ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ നുന്നുള്ള വിവരങ്ങള്‍ വരാനിരിക്കുന്നേയുള്ളു. എന്തായാലും നിലവിലെ സൂപ്പര്‍താരങ്ങളുടെ റെക്കോര്‍ഡുകള്‍ പദ്മാവത് തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് വിദ്ഗദര്‍ പറയുന്നത്. ഗള്‍ഫില്‍ മാത്രം പത്ത് മില്യണാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം നേടിയിരിക്കുന്നത്.

പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് എകദേശം 180 കോടിയാണ്. 2017 ലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് പദ്മാവത് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജനുവരിയിലേക്ക് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പദ്മാവതിയായി ബോളിവുഡ് താരം ദീപിക പദുകോണ്‍ എത്തുന്നു. ദീപികയെക്കൂടാതെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.