ന്യൂദല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച വസതിയില്‍ നിന്ന് കുടിയിറക്കപ്പെട്ട് കലാകാരന്മാര്‍. 2022 മെയ് രണ്ടിനകം വസതികള്‍ ഒഴിയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. 90 കാരനായ പത്മശ്രീ ജേതാവും ഒഡീസി നര്‍ത്തകനുമായ ഗുരു മായാധര്‍ ഉള്‍പ്പെടെയുള്ളവരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയയ്ക്കുകയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വസതിയ്ക്ക് പുറത്ത് എടുത്തിടുകയുമായിരുന്നു.
90 വയസുകാരനായ ഗുരു മായാധറിന്റെ പത്മശ്രീ പുരസ്‌കാരവും വീട്ടുപകരണങ്ങളും ഉള്‍പ്പടെ വസതിക്ക് പുറത്ത് എടുത്തിട്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഞങ്ങള്‍ വീട്ടുപകരണങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി. താമസസ്ഥലം ഉടന്‍ ഒഴിയും. മറ്റു വഴികളില്ല,’ എന്നായിരുന്നു 1987ല്‍ വീട് അനുവദിച്ച കുച്ചിപ്പുഡി നര്‍ത്തകന്‍ ഗുരു ജയരാമ റാവുവിന്റെ ഭാര്യ വനശ്രീ റാവു പി.ടി.ഐയോട് പറഞ്ഞത്.
ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച വസതികള്‍ ഏപ്രില്‍ അവസാനത്തോടെ ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ ആര്‍ട്ടിസ്റ്റ് റീത്ത ഗാംഗുലി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ദല്‍ഹി ഹൈക്കോടതി അറിയിച്ചത്.
ഒരു ദിവസം പോലും അധികം അനുവദിക്കാനാവില്ലെന്നായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, നവീന്‍ ചൗള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജി രണ്ട് മാസത്തെ സമയം അനുവദിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2020 ഡിസംബര്‍ 31 നുള്ളില്‍ വീട് ഒഴിയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ വിഷയത്തില്‍ ഹരജികള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നടപടിയെടുക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജി, കുച്ചിപ്പുഡി നര്‍ത്തകി ഗുരു വി. ജയരാമ റാവു, മായാധര്‍ റാവുത്ത്, ഗായകന്‍ ഉസ്താദ് എഫ്. വാസിഫുദ്ദീന്‍ ദാഗര്‍, ഭരതനാട്യം നര്‍ത്തകി റാണി ഷിംഗാല്‍, കഥക് വിദഗ്ധന്‍ ഗീതാഞ്ജലി ലാല്‍, കെ.ആര്‍ സുബ്ബന്ന, കമല്‍ സാബ്രി, ദേവരാജ് ദക്കോജി, കമാലിനി, ആര്‍ട്ടിസ്റ്റ് ജതിന്‍ ദാസ്, പി.ടി ഭജന്‍ സപോരി,ഗാംഗുലി ഉള്‍പ്പെടെയുള്ള കലാകാരന്മാരോട് വസതികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടത്.
2014 ല്‍ ആണ് സര്‍ക്കാര്‍ അനുവദിച്ച വസതികളില്‍ നിന്നും ഇവരോട് ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും 28 കലാകാരന്മാരില്‍ സര്‍ക്കാര്‍ വസതികളില്‍ നിന്ന് മാറാത്ത എട്ട് പേര്‍ ഇപ്പോഴും ഉണ്ടെന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഈ എട്ട് കലാകാരന്മാര്‍ അവരുടെ വസതികള്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും കുറച്ച് ദിവസങ്ങള്‍ കൂടി അനുവദിച്ചു തരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മെയ് 2 നകം വീടുകള്‍ ഒഴിയുമെന്ന് അവര്‍ ഞങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്, അതുവരെ ഞങ്ങള്‍ അവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്,’ എന്നാണ് ഉദ്യോഗസ്ഥന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
സര്‍ക്കാരിന്റെ നയമനുസരിച്ച്, പ്രതിമാസം 20,000 രൂപയില്‍ താഴെ വരുമാനം നേടുന്ന 40 കലാകാരന്മാര്‍ക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ജനറല്‍ പൂള്‍ റെസിഡന്‍ഷ്യല്‍ അക്കോമഡേഷനില്‍ പ്രത്യേക ക്വാട്ടയില്‍ താമസസൗകര്യം അനുവദിച്ചത്.
‘അനധികൃത താമസക്കാര്‍’ക്കെതിരായ നീക്കത്തിന്റെ ഭാഗമായി, അന്തരിച്ച നേതാവ് രാംവിലാസ് പാസ്വാന് അനുവദിച്ച 12, ജന്‍പഥ് ബംഗ്ലാവില്‍ നിന്ന് അദ്ദേഹത്തിന്റെ മകനും ലോക്‌സഭാംഗവുമായ ചിരാഗ് പാസ്വാനെ നേരത്തെ ഒഴിപ്പിച്ചിരുന്നു. മന്ത്രിയായിരിക്കെ ബംഗ്ലാവുകള്‍ അനുവദിച്ച നിരവധി എം.പിമാര്‍ക്കും സര്‍ക്കാര്‍ വസതികള്‍ ഒഴിയേണ്ടി വന്നിട്ടുണ്ട്.
Content Highlight: Padma Shri Awardee, 90, Evicted, Government Deadline for 8 More Artistes