| Sunday, 17th July 2022, 8:20 pm

Padma Review | വിവാഹേതരബന്ധങ്ങളെ കുറിച്ച് പറയാന്‍ ശ്രമിച്ച പത്മ

അന്ന കീർത്തി ജോർജ്

ഒരു സമ്പൂര്‍ണ അനൂപ് മേനോന്‍ സിനിമയാണ് പത്മ. കഥയും എഴുത്തും സംവിധാനവും അഭിനയവുമൊക്കെ അനൂപ് മേനോന്‍ തന്നെയാണ്. ദാമ്പത്യവും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സെക്‌സടക്കം പല കാര്യങ്ങളിലും വരുന്ന സങ്കീര്‍ണതകളും വിവാഹേതരബന്ധങ്ങളും മറ്റുമാണ് സിനിമ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. ചില അഭിനേതാക്കളുടെ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു രീതിയിലും നിലവാരം പുലര്‍ത്താനാകാതെ ബോറടിപ്പിക്കുന്ന പരാജയമാണ് പത്മ.

പത്മജയും ഭര്‍ത്താവ് രവിയും കൊച്ചിയിലെ വലിയൊരു ഫ്‌ളാറ്റിലേക്ക് താമസം മാറിയെത്തുന്നിടത്ത് വെച്ചാണ് സിനിമ തുടങ്ങുന്നത്. സെക്യാട്രിസ്റ്റായ ഹൈ ലെവല്‍ ലൈഫ് സ്റ്റൈലുമായി ഒത്തുപോകുന്ന രവിക്ക് അവിടം വളരെ കംഫര്‍ട്ടബിളാകുമ്പോള്‍ കോഴിക്കോട്ടെ നാട്ടുമ്പുറത്തുകാരിയായ പത്മ ഒറ്റപ്പെട്ടു പോകുകയാണ്. ക്ലാസിന്റെയും സ്ലാങ്ങിന്റെയും പേരിലുള്ള ഇന്‍ഫീരിയോരിറ്റി കോംപ്ലെക്‌സടക്കം വലിയ തോതില്‍ പത്മ അനുഭവിക്കുന്നു. രണ്ട് പേരുടെയും ജീവിതം ഇങ്ങനെ രണ്ട് വഴികളിലൂടെ മുന്നോട്ടു പോകുന്നതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്ക് മറ്റു ചിലര്‍ കടന്നുവരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാപരിസരം.

കുറെ പാട്ടുകളും ക്ലീഷേ ഡയലോഗുകളും പഴകിയ പ്ലോട്ടുമായാണ് അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ പത്മ എത്തുന്നത്. പ്ലോട്ടിനേക്കാള്‍ കഥാപാത്രങ്ങളെ വെച്ചാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ക്യാരക്ടേഴ്‌സിനെയല്ല കുറെ കാരിക്കേച്ചറുകളെയാണ് സിനിമ കാണിച്ചുതരുന്നത്. അതായത് നാട്ടിന്‍പുറത്തുകാരിയായ ഭാര്യ, കുടിച്ച് നടക്കുന്ന ഒരു ലക്ഷ്യബോധവുമില്ലാതെ കഴിയുന്നയാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന ഭാര്യ, സൈക്യാട്രിസ്റ്റായ ഹൈ ക്ലാസ് ലൈഫ് ലീഡ് ചെയ്യുന്ന ഭര്‍ത്താവ്, മോഡേണായ സിറ്റി ലൈഫിലുള്ള കുറച്ച് സ്ത്രീകള്‍ എന്നിങ്ങനെയുള്ളുവരെ വളരെ ടിപ്പിക്കലായ രീതിയിലാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഇങ്ങനെയുള്ള കഥാപാത്രങ്ങളെ കുറിച്ച് സ്ഥിരമായി പറഞ്ഞുകേള്‍ക്കാറുള്ള കുറേ സ്വഭാവ സവിശേഷതകളെ വല്ലാതെ ഊതിവീര്‍പ്പിച്ചുകൊണ്ടാണ് കഥാപാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ഈ എക്‌സാജറേഷന്‍ കൊണ്ട് തന്നെ കഥാപാത്രങ്ങള്‍ക്ക് ആഴവും നഷ്ടപ്പെടുന്നു. ഉദാഹരണത്തിന് പണ്ടത്തെ സിനിമകളില്‍ സൊസൈറ്റി ലേഡികളെന്ന പേരൊക്കെയിട്ട് കാണിച്ചിരുന്ന, കാലഹരണം ചെയ്യപ്പെട്ടുപോയ ആ കഥാപാത്രങ്ങളെയൊക്കെ ഈ സിനിമ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ചെല്ലാനത്ത് ചില ഭാഗങ്ങള്‍ വൃത്തിയാക്കുന്ന ക്ലീനിങ്ങ് ഡ്രൈവിനെ കുറിച്ച് ഇവര്‍ സംസാരിക്കുന്നതും അതിനുവേണ്ടി ഡ്രസ് ഡിസൈന്‍ ചെയ്യിപ്പിക്കുന്ന ഭാഗവും കൊല്ലങ്ങള്‍ക്ക് മുന്‍പാണ് സിനിമ നില്‍ക്കുന്നതെന്ന് വ്യക്തമാക്കും.

ചിത്രത്തില്‍ വീട്ടില്‍ ജോലിക്കാരായ രണ്ട് കഥാപാത്രങ്ങളുണ്ട്, അബ്ദുവും ജോളിയും. കോമഡിക്ക് വേണ്ടി പ്രത്യേകമായി കൊണ്ടുവന്നിരിക്കുന്ന ഇവരുടെ സീനുകള്‍ സിനിമയുമായി ചേരാതെ നില്‍ക്കുന്നുണ്ട്. മണിച്ചിത്രത്താഴ് ബി.ജി.എം വിടാതെയുള്ള കോമഡികളാണ് ഇവരിലൂടെ പ്രയോഗിക്കുന്നത്. എന്തിനോ വേണ്ടി ഐറ്റം ഡാന്‍സ് പോലെ ഒരു ഡാന്‍സ് ഇതിലെ ജോളി എന്ന ക്യാരക്ടര്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഡോ. രവിയെ കണ്‍സള്‍ട്ട് ചെയ്യാനെത്തുന്നവരില്‍ ഭൂരിഭാഗം ക്യാരക്ടേഴ്‌സും ഈ രീതിയില്‍ പ്ലാസ്റ്റിക് ഫീല്‍ തരുന്നവരാണ്.

സിനിമയില്‍ ബന്ധങ്ങളെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നുണ്ട്. വിവാഹേതരബന്ധങ്ങളും സെക്‌സ് ലൈഫിലെ പിരിമുറുക്കങ്ങളും സിനിമ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനൂപ് മേനോന് പറയാനുള്ള ചില കാര്യങ്ങള്‍ പറയുന്നു എന്നതിനപ്പുറത്തേക്ക് സിനിമാറ്റിക്കായ എലമെന്റുകളൊന്നും ഇതിലില്ല. ഇടതടവില്ലാതെ വരുന്ന പാട്ടുകളും സ്ലോ മോഷനുമാണ് പത്മയിലെ അടുത്ത ഘടകം. തിരക്കഥയും സംവിധാനവും ചേര്‍ന്നുണ്ടാക്കുന്ന ലാഗ് വര്‍ധിപ്പിക്കുന്നത് ഇവയാണ്.

സിനിമയിലെ പെര്‍ഫോമന്‍സുകള്‍ സിനിമയോളം നിരാശപ്പെടുത്തുന്നില്ല. പത്മയായി സുരഭി ലക്ഷ്മി തന്റെ ഭാഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നതിനേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് സുരഭി നല്‍കിയിരിക്കുന്നത്.

എടുത്തു പറയേണ്ട പ്രകടനമാണ് ദിനേശ് പ്രഭാകറിന്റേത്. ഭാര്യക്ക് സുഹൃത്തുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞതിന് ശേഷം വളരെ തകര്‍ന്നുപോയ ഭര്‍ത്താവായാണ് ഒരൊറ്റ സീനില്‍ ദിനേശ് എത്തുന്നത്. ഒന്നു പിടിവിട്ടാല്‍ വല്ലാത്ത മെലോഡ്രാമയായി പോകുമായിരുന്ന ക്യാരക്ടറിനെ ഏറ്റവും കയ്യടക്കത്തോടെ ദിനേശ് അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ അല്‍പം ശ്രദ്ധിച്ച് ചെയ്തിരിക്കുന്നു എന്ന് തോന്നിയ കഥാപാത്രവും സംഭാഷണങ്ങളും ഇതായിരുന്നു.

അനൂപ് മേനോന്റെ സ്ഥിരം പാറ്റേണിലുള്ള കഥാപാത്രം തന്നെയാണ് സിനിമിയലുള്ളത്. ‘അനൂപ് മേനോന്‍’ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ എന്താണോ വരുന്നത് അത് തന്നെയാണ് സിനിമയിലുള്ളത്. അപ്പര്‍ മിഡില്‍ ക്ലാസിലുള്ള കുറച്ച് ഇംഗ്ലീഷ് കലര്‍ത്തി സംസാരിക്കുന്ന ഒരു കഥാപാത്രം. ഫ്‌ളാഷ് ബാക്കില്‍ നാട്ടുമ്പുറത്തുകാരനായി എത്താന്‍ അനൂപ് മേനോന്‍ നടത്തുന്ന ശ്രമം അമ്പേ പാളിപ്പോയിട്ടുണ്ട്.

ഇതിനെല്ലാമിടയിലൂടെ പത്മയുടെ നരേഷനായി ജയസൂര്യയുടെ വോയ്‌സ് ഓവറുണ്ട്. സിനിമയില്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു വോയ്‌സ് ഓവറെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആ ‘വോയ്‌സ് ഓവര്‍ മാലാഖയെ’ കൊണ്ട് അവസാനം പൊളിറ്റിക്കല്‍ കറക്ട്‌നസിനെ പേരെടുത്ത് പറഞ്ഞ് കൊട്ടിപ്പോകുന്നുമുണ്ട്. അതും എന്തിനെന്ന് ചോദിച്ചാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും മറുപടിയുണ്ടാകണമെന്നില്ല.

Content Highlight: Padma Movie Review | Anoop Menon | Surabhi Lakshmi

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more