ശബരിമല പ്രക്ഷോഭം പിണറായിയെ എതിര്‍ക്കാന്‍ മാത്രം; ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു: പദ്മപിള്ളയുടെ കമന്റ് ചര്‍ച്ചയാകുന്നു
Kerala
ശബരിമല പ്രക്ഷോഭം പിണറായിയെ എതിര്‍ക്കാന്‍ മാത്രം; ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു: പദ്മപിള്ളയുടെ കമന്റ് ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 5:56 pm

 

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന റെഡി റ്റു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ളയുടെ കമന്റ് ചര്‍ച്ചയാകുന്നു.

ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടില്‍ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ലെന്നും അത് പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന ഭാസ്‌ക്കര്‍ ടി. ദാസ് എന്നയാളുടെ പോസ്റ്റിന് താഴെയിട്ട പദ്മപിള്ളയുടെ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടില്‍ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല – പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണ്.
ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കല്‍ അടവുനയം മാത്രമായിരുന്നു അവര്‍ക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു’ എന്നായിരുന്നു കമന്റ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വ്യാപക തര്‍ക്കം നടക്കുന്നതിനിടയിലാണ് ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന പദ്മപിള്ള ഇത്തരമൊരു അഭിപ്രായവുമായി രംഗത്തുവരുന്നത്.

Image may contain: 2 people, people smiling, text

നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ശബരിമല സുവര്‍ണാവസരമാണെന്ന പരാമര്‍ശം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതിനെ സാധൂകരിക്കുന്ന അഭിപ്രായങ്ങള്‍ നിലവില്‍ ശബരിമല പ്രക്ഷോഭത്തെ പിന്തുണച്ചവരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണെന്നും ബി.ജെ.പി മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നുമായിരുന്നു ശ്രീധരന്‍പിള്ള അന്ന് പറഞ്ഞത്.