| Thursday, 28th April 2022, 7:38 pm

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു: പത്മ ലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്ന് ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായ പത്മ ലക്ഷ്മി. ട്വിറ്ററിലൂടെയായിരുന്നു പത്മ ലക്ഷ്മിയുടെ പ്രതികരണം.

‘ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. ഈ പ്രചാരണം അപകടകരവും നിന്ദ്യവുമാണ്.

ഹിന്ദു സുഹൃത്തുക്കളോട്, ഈ ഭയാനകതയ്ക്ക് വഴങ്ങരുത്. ഇന്ത്യയിലേയോ മറ്റൊരിടത്തോ ഹിന്ദുമതത്തിന് ഒരു ഭീഷണിയുമില്ല. യഥാര്‍ത്ഥ ആത്മീയത ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം വിതയ്ക്കാനുള്ളയിടം ഉള്‍ക്കൊള്ളുന്നില്ല.

പുരാതനവും വിശാലവുമായ ഈ ഭൂമിയില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം,’ രണ്ട് ട്വീറ്റിലായി പത്മ ലക്ഷമി കുറിച്ചു.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ജര്‍മന്‍ ഫുട്ബാള്‍ താരം മെസ്യൂട്ട് ഓസിലും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ സഹോദരീ സഹോദരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.

‘ഇന്ത്യയിലെ നമ്മുടെ മുസ്ലിം സഹോദരീ സഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ലൈലത്തുല്‍ ഖദ്റിന്റെ വിശുദ്ധ രാത്രിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവല്‍ക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്,’ എന്നാണ് ഓസില്‍ ട്വീറ്റ് ചെയ്തത്.

 CONTENT HIGHLIGHTS:  Padma Lakshmi Says “Sickening To See Violence Against Muslims Celebrated”:
We use cookies to give you the best possible experience. Learn more