വാഷിങ്ടണ്‍: 16ാം വയസില്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ടെലിവിഷന്‍ താരവും എഴുത്തുകാരിയും നടിയുമായ പത്മ ലക്ഷ്മി. ട്രംപിന്റെ സുപ്രീം കോടതി നോമിനി ബ്രറ്റ് കവനോയ്‌ക്കെതിരെ ദശാബ്ദങ്ങള്‍ക്കുശേഷം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നത് വിവാദമായ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പിലാണ് പത്മ ഇക്കാര്യം വിശദീകരിക്കുന്നത്.
7ാം വയസിലാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയായതെന്നാണ് അവര്‍ പറയുന്നത്. 16ാം വയസില്‍ ബലാത്സംഗത്തിന് ഇരയായെന്നും അവര്‍ പറയുന്നു.
പതിനാറാം വയസില്‍ 23 കാരനായ കോളജ് വിദ്യാര്‍ഥിയുമായി അടുപ്പമുണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സിലെ ഒരു മാളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന താനുമായി അയാള്‍ “ഫ്‌ളര്‍ട്ട്” ചെയ്യാറുണ്ട്. എന്നാല്‍ അടുപ്പം തുടങ്ങി കുറച്ചുമാസത്തിനകം താന്‍ ഉറങ്ങിക്കിടക്കവേ അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അവര്‍ പറയുന്നത്.
“മൂന്ന് ദശാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ന്യൂയര്‍ രാത്രിയില്‍ ബോയ് ഫ്രണ്ടിനൊപ്പം രാത്രി പുറത്തുപോയശേഷം വീട്ടില്‍ വന്ന് ഉറങ്ങുകയായിരുന്നു. പിന്നെ എനിക്ക് ഓര്‍മ്മ വന്നത് എന്റെ കാലുകള്‍ക്കിടയിലൂടെ കത്തി കയറുംപോലെയുള്ള വേദന തോന്നിയപ്പോഴാണ്. അയാള്‍ എന്റെ മേലുണ്ടായിരുന്നു. നിങ്ങളെന്താണീ ചെയ്യുന്നത്? എന്ന് ഞാന്‍ ചോദിച്ചു. “കുറച്ചുസമയമേ വേദനയുണ്ടാവൂ” എന്ന് അയാള്‍ പറഞ്ഞു.” പത്മ പറയുന്നു.
ആ പ്രായത്തില്‍ തനിക്കിത് ബലാത്സംഗമാണെന്ന് പോലും അറിവുണ്ടായിരുന്നില്ലെന്ന് പത്മ പറയുന്നു. അതിനുശേഷവും തന്റെ ബോയ് ഫ്രണ്ടുമാരോട് താന്‍ കന്യകയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. “വൈകാരികമായി, ഞാനിപ്പോഴും” അവര്‍ കുറിക്കുന്നു.
ഏഴാം വയസില്‍ തനിക്കുനേരിട്ട ലൈംഗിക അധിക്ഷേപത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തന്നെ മുത്തച്ഛനൊപ്പം ഇന്ത്യയിലേക്ക് വിടുകയാണ് ചെയ്തതെന്നും അവര്‍ പറയുന്നു. അടുത്ത ബന്ധു അദ്ദേഹത്തിന്റെ ലൈംഗികാവയവത്തില്‍ തന്റെ കൈ വെച്ചുവെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ ഒരു വര്‍ഷത്തോളം തന്നെ ഇന്ത്യയിലാക്കുകയാണ് ചെയ്തത്. “പാഠം ഇതായിരുന്നു: നിങ്ങള്‍ തുറന്നു പറഞ്ഞാല്‍ നിങ്ങള്‍ പുറന്തള്ളപ്പെടും.”
“ഇതിനെക്കുറിച്ച് പറഞ്ഞതുകൊണ്ട് എനിക്കൊന്നും കിട്ടാനില്ല. പക്ഷേ ലൈംഗിക ചൂഷണം തുറന്നുപറയാന്‍ നമ്മള്‍ ഒരു സമയ പരിധിവെക്കുന്നതുകൊണ്ട് വലിയ നഷ്ടങ്ങളുണ്ടാകും. ” അവര്‍ പറയുന്നു.