ന്യൂദല്‍ഹി: റിപബ്ലിക് ദിനത്തോടനുബധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.128 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.
4 പേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ സമ്മാനിക്കുന്നത്. 17 പേര്‍ക്ക് പത്മഭൂഷണും 107 പേര്‍ക്ക് പത്മശ്രീയും സമ്മാനിക്കും.
പത്മ പുരസ്‌കാരങ്ങള്‍
പുരസ്‌കാര ജേതാക്കളില്‍ 34 പേര്‍ സ്ത്രീകളും 10 പേര്‍ വിദേശികളുമാണ് (എന്‍.ആര്‍.ഐ, പി.ഐ.ഒ, ഒ.സി.ഐ). 13 പേര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം സമര്‍പ്പിക്കും.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി. മരണാനന്തര ബഹുമതിയായാണ് റാവത്തിന് പത്മവിഭൂഷന്‍ സമര്‍പ്പിക്കുന്നത്.
റാവത്തിനെ കൂടാതെ പ്രഭ ആത്രെ (കല), രാധേശ്യാം ഖെംക (സാഹിത്യം), കല്യാണ്‍ സിങ് (പൊതുപ്രവര്‍ത്തനം) എന്നിവരും പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, നടരാജന്‍ ചന്ദ്രശേഖരന്‍, കൃഷ്ണ എല്ല-സുചിത്ര എല്ല, മധുര്‍ ജാഫ്രി, ദേവേന്ദ്ര ഝഝാര്യ, റാഷിദ് ഖാന്‍, രാജിവ് മെഹര്‍ഷി, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനാരായണ നാദെല്ല, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, സൈറസ് പൂനെവാല, സഞ്ജയ രാജാറാം, പ്രതിഭ റേ, സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി എന്നിവരാണ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായിരിക്കുന്നത്.
Govt announces Padma Awards 2022
CDS Gen Bipin Rawat to get Padma Vibhushan (posthumous), Congress leader Ghulam Nabi Azad to be conferred with Padma Bhushan pic.twitter.com/Qafo6yiDy5
ഇത്തവണ നാല് മലയാളികളും പത്മ പുരസ്‌കാരത്തിന് അര്‍ഹരായി. ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി.നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹികപ്രവര്‍ത്തനം) എന്നിവരാണ് പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായ മലയാളികള്‍.
ഇവര്‍ക്ക് പുറമെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പ്രമോദ് ഭഗത്, വന്ദന കതാരിയ ഗായകന്‍ സോനു നിഗം എന്നിവരാണ് പത്മശ്രീ നേടിയവരില്‍ പ്രമുഖര്‍.