|

സര്‍ക്കാര്‍ ഉറപ്പ് പാലിക്കപ്പെടുന്നില്ല: കോഴിക്കോട് ജില്ലയില്‍ നെല്‍വയല്‍ നികത്തല്‍ വ്യാപകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നഗര ഗ്രാമപ്രദേശ വ്യത്യാസമില്ലാതെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. നെല്‍വയല്‍ നികത്തിലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള പുതിയ കൃഷി മന്ത്രിയുടെ ഉറപ്പ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കോഴിക്കോട് ജില്ലയില്‍ നിലംനികത്തല്‍ വ്യാപമാകുന്നത്.

തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസില്‍ രാമനാട്ടുകരയ്ക്കും പന്തീരങ്കാവിനുമിടക്ക് പാറമല്‍ പ്രദേശത്താണ് നിലവില്‍ കൃഷി നടക്കുന്ന നെല്‍വയല്‍ നികത്തുന്നത്.

field2

പാറമലിനെ നെല്‍വയലിന്റെ ഒരു ഭാഗം മണ്ണിട്ടു നികത്തിയ നിലയില്‍

നെല്‍വയലുകള്‍ സംരക്ഷിക്കുമെന്നും നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പലതവണ ഉറപ്പുനല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പ് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ബൈപ്പാസ് റോഡിന് തൊട്ടരികില്‍ ആര്‍ക്കും കാണാവുന്ന രൂപത്തില്‍ നെല്‍വയല്‍ നികത്തല്‍ നടക്കുന്നത്.

നിലവില്‍ നെല്‍കൃഷി നടന്നുകൊണ്ടിരിക്കുന്ന വയലിന്റെ ഒരു ഭാഗം ഇതിനകം തന്നെ മണ്ണിട്ടു നികത്തി കഴിഞ്ഞു. റോഡില്‍ നിന്നു കാണാവുന്ന തരത്തില്‍ അധികാരികളുടെ കണ്‍മുന്നിലാണ് ഇത്രയും വലിയ നിയമലംഘനം നടക്കുന്നത്.

മാവൂരിനടുത്ത് കൂളിമാടിനടുത്തുള്ള തണ്ണീര്‍ത്തടം നികത്തിയ നിലയില്‍

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളില്‍ ഉടമയുടെ 10 സെന്റ് വരെയുള്ള നിലവും, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 5 സെന്റ് വരെയുള്ള നിലവും ഭവനനിര്‍മ്മാണാവശ്യങ്ങള്‍ക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കാമെന്നാണ്. എന്നാല്‍ അതിനു ചില നിബന്ധനകളുണ്ട്.

നിബന്ധനകളില്‍ പ്രധാനം, അത്തരം നികത്തലുകള്‍ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കുന്നതാവാന്‍ പാടില്ല. അതോടൊപ്പം, ഇപ്രകാരം നികത്താന്‍ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ലാ എന്നതാണ്.

മാവൂരിനടുത്ത് കൂളിമാടിനടുത്തുള്ള തണ്ണീര്‍ത്തടവും നികത്തുന്നുണ്ട്. ക്വാറി വെയ്സ്റ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് തണ്ണീര്‍ത്തടം നികത്തുന്നത്. ഈ രണ്ടു സംഭവങ്ങളും തെളിയിക്കുന്നത് ഗ്രാമ നഗര വ്യത്യാസമില്ലാതെ നെല്‍വയല്‍ നികത്തല്‍ ഇപ്പോഴും വ്യാപകമാണ് എന്നതാണ്.